Site icon Fanport

ആൻഫീൽഡിൽ ഇന്ന് ലിവർപൂൾ – ആഴ്‌സണൽ സൂപ്പർ പോരാട്ടം

ആൻഫീൽഡിൽ ഇന്ന് പൊടി പാറും സൂപ്പർ പോരാട്ടം. ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ ഇന്ന് ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലിനെ നേരിടും.  ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് ഇന്ന് ജയിച്ചാൽ കിരീട പോരാട്ടത്തിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാൻ കഴിയും. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 6 പോയിന്റിന്റെ ലീഡ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ലിവർപൂളിനുണ്ട്.

കഴിഞ്ഞ രണ്ടു മത്സരത്തിൽ തുടർച്ചയായി തോറ്റ മാഞ്ചസ്റ്റർ സിറ്റിക്ക് നാളെ സൗത്താംപ്ടൺ ആണ് എതിരാളികൾ. അത് കൊണ്ട് തന്നെ ഇന്ന് ജയിച്ച 9 പോയിന്റിന്റെ ലീഡ് നേടി മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കാനും ലിവർപൂളിനാവും.

അതെ സമയം താരങ്ങളുടെ പരിക്കാണ് ആഴ്‌സണലിനെ അലട്ടുന്ന പ്രധാന പ്രശ്നം. റോബ് ഹോൾഡിങ്, ഹെക്ടർ ബെല്ലറിൻ, മികിതാരിയൻ, ഡാനി വെൽബെക്ക് എന്നിവർക്ക് എല്ലാം ഇന്നത്തെ മത്സരം നഷ്ട്ടമാകും. മാത്രവുമല്ല  അവസാനം കളിച്ച 5 തവണ ആൻഫീൽഡിൽ ആഴ്‌സണലിന് ഇതുവരെ ജയിച്ചു കയറാനായിട്ടില്ല. ടോപ് ഫോർ പ്രതീക്ഷകളുമായി കഴിഞ്ഞ ദിവസം ബ്രൈട്ടനെതിരെ ഇറങ്ങിയ ആഴ്‌സണൽ സമനില വഴങ്ങിയതും അവർക്ക് തിരിച്ചടിയായിരുന്നു.

മികച്ച ഫോമിലുള്ള ലിവർപൂൾ ആക്രമണ നിരയെ ആഴ്‌സണൽ പ്രതിരോധം എങ്ങനെ പ്രതിരോധിക്കുമെന്നതിനെ ആശ്രയിച്ചാവും ഇന്നത്തെ മത്സരഫലം.

 

Exit mobile version