ലിസ്റ്റൺ കൊളാസോയുടെ ഹാട്രിക്ക്, എ ടി കെ മോഹൻ ബഗാന് എ എഫ് സി കപ്പിൽ വൻ വിജയം

എ എഫ് സി കപ്പിൽ ഗോകുലം കേരളയോട് ഏറ്റ പരാജയത്തിൽ നിന്ന് എ ടി കെ മോഹൻ ബഗാൻ കരകയറി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്സിനെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മൂന്ന് ഗോളുകൾ നേടി യുവതാരം ലിസ്റ്റൺ കൊളാസോ ആണ് ബഗാന്റെ വിജയ ശില്പി ആയത്.

ഇന്ന് മഴ കാരണം തുടക്കത്തിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. കളി പുനരാരംഭിച്ചപ്പോൾ ലിസ്റ്റന്റെ ബൂട്ടുകളിൽ നിന്നായി ഗോൾ മഴ. മത്സരത്തിന്റെ 24ആം മിനുട്ടിൽ ആയിരുന്നു ലിസ്റ്റന്റെ ആദ്യ ഗോൾ. മോഹൻ ബഗാന്റെ മത്സരത്തിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് ആയിരുന്നു അത്. 33ആം മിനുട്ടിൽ വീണ്ടും ലിസ്റ്റൺ വല കുലുക്കി‌. ഇത്തവണ ഗോളിയേയും കബളിപ്പിച്ച് കീഴ്പ്പെടുത്തി കൊണ്ടാണ് ലിസ്റ്റൺ രണ്ടാം ഗോൾ നേടിയത്.20220521 183125

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിസ്റ്റൺ തന്റെ ഹാട്രിക്കും തികച്ചു. 53ആം മിനുട്ടിലായിരുന്നു ലിസ്റ്റന്റെ ഹാട്രിക്ക് ഗോൾ. ലിസ്റ്റൺ ഈ ഹാട്രിക്ക് അല്ലാതെ കഴിഞ്ഞ മത്സരത്തിൽ ഗോകുലം കേരളക്ക് എതിരെയും ഒരു ഗോൾ നേടിയിരുന്നു.

76ആം മിനുട്ടിൽ സബ്ബായി എത്തിയ ഡേവിഡ് വില്യംസും ഗോൾ നേടിയതോടെ ബഗാൻ വിജയം പൂർത്തിയാക്കി.

ഈ വിജയത്തോട മോഹൻ ബഗാൻ 2 മത്സരങ്ങളിൽ നിന്ന് 3 പോയിന്റിൽ എത്തി. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ മസിയയെ ആകും മോഹൻ ബഗാൻ നേരിടുക.