പെനാൽറ്റി നഷ്ടപ്പെടുത്തി സല, ലിവർപൂളിന് ലെസ്റ്റർ സിറ്റിയുടെ ഷോക്ക്

പ്രീമിയർ ലീഗിൽ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ലെസ്റ്റർ സിറ്റിയാണ് ലിവർപൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സല പെനാൽറ്റി നഷ്ട്ടപെടുത്തിയതാണ് ലിവർപൂളിന് തിരിച്ചടി ആയത്. ലിവർപൂൾ പരാജയപ്പെട്ടതോടെ പ്രീമിയർ ലീഗിന്റെ തലപ്പത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് 6 പോയിന്റിന്റെ ലീഡ് ആയി.

സലയെ ലെസ്റ്റർ താരം എൻഡിഡി ഫൗൾ ചെയ്തതിന് അനുകൂലമായാണ് ലിവർപൂളിന് പെനാൽറ്റി ലഭിച്ചത്. എന്നാൽ സലയുടെ പെനാൽറ്റി ലെസ്റ്റർ ഗോൾ കീപ്പർ ഷ്മൈക്കിൾ രക്ഷപ്പെടുത്തുകയും തുടർന്ന് റീബൗണ്ടിൽ സല ഹെഡ് ചെയ്‌തെങ്കിലും ബാറിൽ തട്ടുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കെ മാനെക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് ഗോൾ നേടാനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് പകരക്കാരനായി ഇറങ്ങിയ ലുക്ക്മാൻ ലെസ്റ്റർ സിറ്റിയുടെ വിജയ ഗോൾ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ലീഗ് കപ്പിൽ ലിവർപൂളിനേറ്റ തോൽവിക്കുള്ള മധുരം പ്രതികാരം കൂടിയായിരുന്നു ലെസ്റ്റർ സിറ്റിക്ക് ഈ ജയം.

Exit mobile version