അവസാന നിമിഷത്തിൽ ശ്വാസം വീണ്ടെടുത്ത ജർമ്മനി

- Advertisement -

അവസാന രണ്ട് ലോകകപ്പ് ദുരന്തങ്ങളുടെ ആവർത്തനമാണ് റഷ്യയിലും നടക്കാൻ പോകുന്നത് എന്ന് വിശ്വസിച്ച് ഫൈനൽ വിസിലിന് കാത്തവർ ക്രൂസിനോട് ക്ഷമിക്കുക. ദക്ഷിണാഫ്രിക്കയിൽ ഇറ്റലിക്ക് സംഭവിച്ചതും ബ്രസീലിൽ സ്പെയിന് സംഭവിച്ചതും ജർമ്മൻ നിരയ്ക്ക് നല്ല വ്യക്തമുണ്ടായിരുന്നു. ചാമ്പ്യന്മാരായി വന്ന് ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങുക എന്ന ദുരന്തം ആവർത്തിക്കുന്നതിന്റെ അടുത്തെത്തിയാണ് ജർമ്മനി ശ്വാസം വീണ്ടെടുത്തിരിക്കുന്നത്.

ആദ്യ പകുതിയിൽ ക്രൂസിന്റെ കാലിൽ നിന്ന് വന്ന പിഴവ് ജർമ്മനിയുടെ വലയിൽ ഗോളായി വീഴാൻ നിമിഷങ്ങളെ എടുത്തുള്ളൂ. മെക്സിക്കോയോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ജർമ്മനിക്ക് സ്വീഡൻ ഒരു ഗോളിന് മുന്നിൽ കൂടി ആയപ്പോൾ റഷ്യയിൽ നിന്ന് തിരിച്ച് പറക്കാനുള്ള വഴികൾ മുന്നിൽ തെളിഞ്ഞതാണ്. 1938ന് ശേഷം ഒരു ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടില്ല എന്ന 80 വർഷങ്ങളായുള്ള ജർമ്മനിയുടെ അഭിമാനത്തിന് അന്ത്യമാവുകയാണൊ എന്ന് എല്ലാവരും സംശയിച്ചു.

മെക്സിക്കോയ്ക്കെതിരെ എന്നതു പോലെ ആയിരുന്നില്ല ഇന്ന് ജർമ്മൻ നിര. ഡിഫൻസ് നിരയിൽ പാളിയാലും ഇന്നത്തെ ജർമ്മനിക്ക് ഒരു താളം ഉണ്ടായിരുന്നും തുടക്കം മുതല അവസരങ്ങൾ സൃഷ്ടിച്ചുക്കൊണ്ടിരുന്ന ജർമ്മനിക്ക് ആകെ പിഴച്ചത് ഫിനിഷിംഗിൽ ആയിരുന്നു. രണ്ടാം പകുതിയിൽ ജർമ്മനിക്ക് ആശ്വാസം നൽകിയ ഈ ലോകപ്പിലെ ജർമ്മനിയുടെ ആദ്യ ഗോൾ റൂയിസ് നേടുമ്പോൾ അത് ഈ ലോകകപ്പിലെ ജർമ്മനിയുടെ 35ആമത്തെ ഷോട്ടായിരുന്നു എന്നത് തന്നെ ജർമ്മനിയുടെ ഫിനിഷിംഗിലെ പോരായ്മ അറിയാം.

ഒരു വിധത്തിൽ സ്വീഡിഷ് ഡിഫൻസിനെ വെള്ളം കുടിപ്പിച്ച് വിജയഗോൾ ഏതു നിമിഷവും ജർമ്മനി കണ്ടെത്താം എന്നിരിക്കുമ്പോഴാണ് ജർമ്മനിയുടെ പ്രതീക്ഷകൾ തച്ചുടച്ച് ബോട്ടെങ്ങ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് കളത്തിന് പുറത്ത് പോകുന്നത്. പിന്നീട് 10 മിനുട്ടിൽ അധികം 10 പേരുമായി കളിക്കേണ്ടി വന്നു ജർമ്മനി. പക്ഷെ ഒരു നിമിഷത്തിൽ പോലും ജർമ്മിനിക്കാണ് കളത്തിൽ ഒരാൾ കുറവ് എന്ന് അവസാന നിമിഷങ്ങളിൽ തോന്നിയില്ല. ബോട്ടിങ് പോയപ്പോൾ ഡിഫൻഡറെ ഇറക്കി കിട്ടിയ സമനിലയിൽ പിടിച്ച് തൂങ്ങാനും ജർമ്മനി നിന്നില്ല. പകരം ഡിഫൻസീവ് മൈൻഡുള്ള ഹെക്ടറിനെ പിൻവലിച്ച് ബ്രാൻഡിറ്റിനെ അറ്റാക്കിനായി ലോവ് ഗ്രൗണ്ടിലേക്ക് അയച്ചു.

എന്നിട്ടും വിജയ ഗോൾ മാത്രമില്ല. ആര് ഷോട്ട് തൊടുത്തിട്ടും വിജയഗോൾ വരാത്തപ്പോൾ ഇത് ക്രൂസിനായി എഴുതപ്പെട്ടതാണെന്ന് ആരും കരുതിയില്ല. തന്റെ ആ വലിയ പിഴവിന് ഇതിലും മികച്ചൊരു തിരുത്ത് ക്രൂസിന് നൽകാനാവില്ല. ഗോൾ അസാധ്യമെന്ന് ആദ്യം തോന്നിച്ച ആങ്കിളിലിൽ നിന്ന് ഒരു ഗോൾ. അതും ജർമ്മനിയെ നോക്കൗട്ടിന്റെ വക്കിൽ എത്തിക്കാൻ പോകുന്നത്. ഇനി ജർമ്മനിക്ക് കൊറിയക്കെതിരെ ഒരു മികച്ച ജയം മതിയാകും നോക്കൗട്ട് ഉറപ്പിക്കാൻ. ഈ വിജയത്തിൽ നിന്ന് കിട്ടിയ ഊർജ്ജം ജർമ്മനിയെ ഇനിയും കുറെ കാലം റഷ്യയിൽ നിർത്തിയേക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement