സൂപ്പര്‍ ഓവറില്‍ ഇവര്‍ക്കെതിരെ പന്തെറിയുവാന്‍ താല്പര്യമില്ല, രോഹിത് ശര്‍മ്മ, ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ തിരഞ്ഞെടുത്ത് കുല്‍ദീപ് യാദവ്

സൂപ്പര്‍ ഓവറില്‍ പന്തെറിയുവാനുള്ള ദൗത്യം തന്നെ ഏല്പിച്ചാല്‍ അത് ഈ മൂന്ന് താരങ്ങള്‍ക്കെതിരെ ആവരുതെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. ലോക്ക്ഡൗണ്‍ കാലത്ത് പല താരങ്ങളെയും പോലെ സോഷ്യല്‍ മീഡിയയിലും മറ്റും അഭിമുഖം കൊടുക്കുന്നതിനിടെയാണ് കുല്‍ദീപ് തന്റെ മനസ്സ് തുറന്നത്.

മത്സരം സൂപ്പര്‍ ഓവര്‍ സ്ഥിതിയിലേക്ക് നീങ്ങുകയാണെങ്കില്‍ താന്‍ പന്തെറിയുവാന്‍ ആഗ്രഹിക്കാത്ത മൂന്ന് താരങ്ങള്‍ ഇവരാണെന്നാണ് സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ്മ, ശ്രേയസ്സ് അയ്യര്‍ എന്നിവരെ തിരഞ്ഞെടുത്ത് പറഞ്ഞത്. സൂര്യ കുമാര്‍ യാദവ് മികച്ച രീതിയില്‍ സ്പിന്‍ കളിക്കുമെന്നും തന്നെ വളരെ നന്നായി അറിയാവുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കുല്‍ദീപ് പറഞ്ഞു. അതിനാല്‍ തന്നെ മുംബൈ ഇന്ത്യന്‍സ് താരത്തിനെതിരെ പന്തെറിയുവാന്‍ താല്പര്യമില്ലെന്ന് കുല്‍ദീപ് വ്യക്തമാക്കി.

രോഹിത് ശര്‍മ്മയും ശ്രേയസ്സ് അയ്യരും സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്ന താരങ്ങളാണെന്നും അവര്‍ക്കെതിരെ സൂപ്പര്‍ ഓവറില്‍ പന്തെറിയുന്നത് അപകടം വിളിച്ച് വരുത്തുമെന്നും കുല്‍ദീപ് യാദവ് സൂചിപ്പിച്ചു.

Exit mobile version