ലാസ്റ്റ് & ഫൈനൽ കോൾ ഫോർ വിരാട്

Viratkohli

ഐപിഎല്ലിൽ എല്ലാക്കാലത്തും ഏറ്റവും ഗ്ലാമറസ് ടീമായിരിന്നു ആർസിബി. കടലാസിൽ നോക്കിയാൽ എല്ലായ്പ്പോഴും ഏറ്റവും ശക്തമായ ടീമും അവർ തന്നെയായിരുന്നു. ഇപ്പഴും അങ്ങനെ തന്നെ. പക്ഷെ ഐപിഎൽ ചരിത്രത്തിൽ ഒരിക്കൽ പോലും കപ്പ് ഉയർത്താനുള്ള ഭാഗ്യം അവർക്ക് ഉണ്ടായിട്ടില്ല.

ഇപ്പോഴവർ പ്ലേ ഓഫിൽ കടക്കുവാനുള്ള അവസാന ശ്രമത്തിലാണ്. ഇന്ന് ഗുജറാത്ത് ടീമിനോട് ജയിച്ചാലും, പന്തിന്റെയും, സഞ്ജുവിന്റെയും അടുത്ത കളികൾ കഴിയുന്നത് വരെ കാത്തിരിക്കണം വിധി അറിയുവാൻ. ഇന്നത്തെ കളിയെ, ആർസിബിയുടെ എന്നതിനേക്കാൾ, കാണികൾ ഉറ്റു നോക്കുക ഇന്ത്യൻ ക്രിക്കറ്റിലെ രാജകുമാരൻ വിരാട് കോഹ്‌ലിയുടെ ഐപിഎൽ പ്ലേ ഓഫ് എന്ന നിലയിലാകും. Viratkohli

നേരത്തെ സൂചിപ്പിച്ച പോലെ ഇതിന് മുൻപ് ഒരിക്കലും ആർസിബി കപ്പ് ഉയർത്തിയിട്ടില്ലെങ്കിലും, ഇത്തവണ അതിനേക്കാൾ ആരാധകർ ആശങ്കപ്പെട്ടത് കോഹ്‌ലിയുടെ ഫോമിനെക്കുറിച്ചാണ്. ഈ സീസണിൽ ഒരു കളിയിൽ പോലും ഒരു മാന്യമായ സ്കോർ നേടാൻ ഈ ലോകോത്തര കളിക്കാരന് സാധിച്ചിട്ടില്ല.

പക്ഷെ കളിയെ സസൂക്ഷ്മം വീക്ഷിക്കുന്നവർക്ക് ഒന്ന് വ്യക്തമാണ്, വിരാട് ഒരു വ്യക്തി എന്ന നിലക്കും, കളിക്കാരൻ എന്ന നിലക്കും കൂടുതൽ പക്വത കൈവരിച്ചിരിക്കുന്നു. കളത്തിലും പുറത്തും വിരാടിന്റെ പെരുമാറ്റം ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. വേൾഡ് കപ്പിൽ തോറ്റപ്പോഴും, ഐപിഎൽ കളികളിൽ ഡക്ക് ഔട്ട് ആയപ്പോഴും ഉള്ളിലുള്ള നിരാശ പുറത്ത് കാണിച്ചതേയില്ല. ഇത് ജീവിതത്തിന്റെ ഭാഗമാണെന്നും, കളിയിൽ ഇങ്ങനെ സംഭവിക്കാമെന്നും, ഏതൊരു കളിക്കാരനും ഇത്തരം ഘട്ടങ്ങളിലൂടെ പോകേണ്ടി വരുമെന്നും വിരാട് തിരിച്ചറിഞ്ഞിരിക്കുന്നു. ആഗ്രസ്സിവ് എന്ന ലേബലിൽ മാത്രം അറിയപ്പെട്ടിരുന്ന വിരാടിന്റെ ഈ മാറ്റം സ്വാഗതാർഹമാണ്, ഉയർന്ന് വരുന്ന ചെറുപ്പക്കാരായ കളിക്കാർക്ക് ഒരു പാഠമാണ്.

ഇത് കൊണ്ട് തന്നെ, വിരാട് മുൻപത്തേക്കാൾ അപകടകാരിയാണ് എന്ന് എതിർ ടീമുകൾ വിശ്വസിക്കുന്നു, ഇപ്പോഴും വിരാടിന്റെ വിക്കറ്റുകൾ മറ്റേത് കളിക്കാരനെക്കാളും വലുതായി അവർ ആഘോഷിക്കുന്നു.

ഇന്ന് ഗുജറാത്തിന് എതിരെ ആർസിബി ജയിക്കും എന്നാണ് വിരാട് ആരാധകർ കരുതുന്നത്. ജയത്തിൽ തങ്ങളുടെ സുപ്പർസ്റ്റാറിന്റെ കയ്യൊപ്പ് ഉണ്ടാകും എന്ന് അവർ തറപ്പിച്ചു പറയുന്നു. ഇന്നത്തെ കളി ഇക്കൊല്ലത്തെ ഐപിഎല്ലിൽ ഒരു അവസാന ചാൻസ് ആണ് എന്ന് വിരാടിനും അറിയാം, അത് കൊണ്ട് തന്നെ ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന മട്ടിലാകും വില്ലോ എടുത്തു ഈ ദില്ലിവാല രാജകുമാരൻ കളത്തിൽ ഇറങ്ങുക.