Site icon Fanport

പഞ്ചാബിന്റെ നടുവൊടിച്ച് കേരള സ്പിന്നര്‍മാര്‍, ജലജ് സക്സേനയ്ക്ക് 7 വിക്കറ്റ്, കേരളത്തിന് 21 റണ്‍സ് വിജയം

136 റണ്‍സിന് കേരളം രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയപ്പോള്‍ ഏവരും വിധിയെഴുതിയത് കേരളത്തിന് ഈ മത്സരത്തിലും തോല്‍വിയാണ് ഫലമെന്നായിരുന്നു. എന്നാല്‍ 146 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിനെ കേരള സ്പിന്നര്‍മാരായ ജലജ് സക്സേനയും സിജോമോന്‍ ജോസഫും ചേര്‍ന്ന് വട്ടം കറക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 55/5 എന്ന നിലയിലായിരുന്ന പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 21 റണ്‍സ് അകലെ വരെ എത്തുവാനെ പഞ്ചാബിന് സാധിച്ചുള്ളു. ഒമ്പതാം വിക്കറ്റില്‍ കേരള ക്യാമ്പില്‍ ഭീതി പരത്തി മയാംഗ് മാര്‍ക്കണ്ടേ-സിദ്ധാര്‍ത്ഥ് കൗള്‍ കൂട്ടുകെട്ട് 33 റണ്‍സുമായി പൊരുതിയെങ്കിലും ചായയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ നിധീഷ് 22 റണ്‍സ് നേടിയ സിദ്ധാര്‍ത്ഥ് കൗളിനെ പുറത്താക്കി കേരളത്തിന് മേല്‍ക്കൈ നേടിക്കൊടുത്തു.

പഞ്ചാബ് 46.1 ഓവറില്‍ 124 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഏഴ് വിക്കറ്റുമായി ജലജ് സക്സേനയും രണ്ട് വിക്കറ്റുമായി സിജോമോന്‍ ജോസഫുമാണ് കേരളത്തിന്റെ ത്രസിപ്പിക്കുന്ന ജയം സാധ്യമാക്കിയത്. തുടര്‍ തോല്‍വികളില്‍ ആടിയുലഞ്ഞ കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിജയം.

Exit mobile version