വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് കേരള ബൗളര്‍മാര്‍, ഇനി എല്ലാം ബാറ്റ്സ്മാന്മാരുടെ കൈയ്യില്‍

വീണ്ടുമൊരു മത്സരത്തില്‍ കൂടി കേരള ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ രണ്ടാം വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഒഡീഷയെ 117 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളം. അക്ഷയ് ചന്ദ്രന്‍ നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഒരു വിക്കറ്റും നേടി ഒഡീഷയെ വരിഞ്ഞു കെട്ടുകയായിരുന്നു. സന്ദീപ് വാര്യര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ രാജേഷ് ദൂപറിനെയും രണ്ടാം ഓവറില്‍ അനുരാഗ് സാരംഗിയെ റണ്‍ഔട്ട് രൂപത്തിലും നഷ്ടമായ ഒഡീഷയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് 50 റണ്‍സ് കടക്കുവാന്‍ സഹായിച്ചത്.

ഗോവിന്ദ് പോഡാര്‍(22)-ശുഭ്രാന്‍സു സേനാപതി(26) കൂട്ടുകെട്ട് 48 റണ്‍സ് നേടി ഒഡീഷയെ മുന്നോട്ട് നയിക്കുന്നതിനിടയില്‍ അക്ഷയ് ചന്ദ്രന്‍ ഓവറുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും മടക്കിയയച്ചു. 10 റണ്‍സ് നേടിയ സുജിത് ലേങ്കയെ പുറത്താക്കി അക്ഷയ് ചന്ദ്രന്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ബിപ്ലവ് സാമന്ത്രയേ ജലജ് സക്സേന പുറത്താക്കി.

78/6 എന്ന നിലയില്‍ ഏഴാം വിക്കറ്റില്‍ അഭിഷേക് റൗത്ത്-ദീപക് ബെഹ്റ സഖ്യം 19 റണ്‍സ് കൂടി നേടിയെങ്കില്‍ ദീപകിനെ പുറത്താക്കി അക്ഷയ് ചന്ദ്രന്‍ വീണ്ടും രംഗത്തെത്തി. ഏറെ വൈകാതെ അഭിഷേക് റൗത്തിനെയും(23) പപ്പു റോയിയെയും പുറത്താക്കി ജലജ് സക്സേന ഒഡീഷയുടെ സ്ഥിതി കൂടുതല്‍ മോശമാക്കി. അവസാന വിക്കറ്റുമായി ബേസില്‍ തമ്പിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 34.4 ഓവറിലാണ് ഒഡീഷ ഇന്നിംഗ്സ് അവസാനിച്ചത്.

Exit mobile version