സൂപ്പർ കപ്പിൽ എങ്കിലും സൂപ്പറാകാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

ഐ എസ് എല്ലിൽ മോശം പ്രകടനങ്ങൾ മറന്ന് സൂപ്പർ കപ്പ് കിരീടം ലക്ഷ്യം വെച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഭുവനേശ്വരിൽ ഇന്ന് ഇറങ്ങും. ശക്തരായ നെറോക എഫ് സിയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 8 മണിക്കാണ് മത്സരം.

ഐ ലീഗിൽ ഇത്തവണ രണ്ടാമതായി ഫിനിഷ് ചെയ്ത ടീമാണ് നെറോക എഫ് സി. നെറോക എഫ് സിക്കെതിരെ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് തന്നെ പറഞ്ഞിരുന്നു. സൂപ്പർ കപ്പിൽ പൊതുവെ ഐ എസ് എൽ ക്ലബുകൾക്ക് തിരിച്ചടിയാണ് കിട്ടുന്നത് എന്നതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് നെരോകയെ ഒരു വിധത്തിലും ചെറുതായി കാണില്ല. അവസാന അഞ്ചു മത്സരങ്ങളിൽ വെറും ഒരു പരാജയം മാത്രമെ നെറോകയ്ക്ക് ഉള്ളൂ.

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ബെർബറ്റോവ്, ഗുഡ്യോൺ, ഇയാൻ ഹ്യൂം തുടങ്ങിയവർ ഒന്നും ഇല്ലാതെയാണ് ഭുവനേശ്വറിൽ എത്തിയിരിക്കുന്നത്. വിങ്ങറായ ജാക്കിചന്ദ് സിംഗും ടീമിനൊപ്പം ഇല്ല. ഐ എസ് എല്ലിൽ നിന്ന് വ്യത്യസ്തമായി യുവതാരങ്ങൾക്ക് മുൻഗണന നൽകിയാകും ഇന്ന് ജെയിംസ് ടീമിനെ ഇറക്കുക.

ഋഷി ദത്ത്, ജിഷ്ണു ബാലകൃഷ്ണൻ, സഹൽ അബ്ദുൽ സമദ് എന്നിവരിൽ ആരെങ്കിലും ഒരാൾ എങ്കിലും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. വിജയിച്ചാൽ ക്വാർട്ടറിൽ ബെംഗളൂരു എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജവഹർ മാവൂരിന് തുടർച്ചയായ അഞ്ചാം വിജയം
Next articleമറഡോണയ്ക്ക് ഷർട്ട് സമ്മാനിച്ച് നാപോളി ക്യാപ്റ്റൻ മാരെക് ഹാംസിക്ക്