Site icon Fanport

മുത്തേ സഹലേ!! കേരള ബ്ലാസ്റ്റേഴ്സ് സഹലിന്റെ ഗോളിൽ മുംബൈ സിറ്റിക്ക് എതിരെ മുന്നിൽ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ലീഗിലെ ഒന്നാം സ്ഥാനക്കാരെ കേരള ബ്ലാസ്റ്റേഴ്സ് വിറപ്പിക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്‌. അറ്റക്കിൽ രണ്ട് വിദേശ താരങ്ങളെ ഇറക്കി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 11ആം മിനുട്ടിൽ ഗോളിന് അടുത്ത് എത്തി. ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ആല്വാരോ വാസ്കസ് തൊടുത്ത ഷോട്ട് രക്ഷപ്പെടുത്താൻ മുംബൈക്ക് നവാസിന്റെ സേവും ഗോൾ പോസ്റ്റും വേണ്ടി വന്നു.

മുംബൈ സിറ്റിക്ക് അവസരം നൽകാതെ കളി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സ് 28ആം മിനുട്ടിൽ ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച ബോൾ ഒരു പവർഫുൾ ഹാഫ് വോളിയിലൂടെ സഹൽ അബ്ദുൽ സമദ് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ രണ്ടാം ഗോളായി ഇത്. ഈ ഗോളിന് ശേഷം കളി കേരള ബ്ലാസ്റ്റേഴ്സ് തന്നെ നിയന്ത്രിച്ചു. രണ്ടാം പകുതിയിലും ഈ പ്രകടനം തുടർന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നൽകുന്ന മൂന്ന് പോയിന്റായി ഇത് മാറും.

Exit mobile version