ഒഗ്ബചെയുടെ സെൽഫ് ഗോൾ, ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ കെടുത്തി ജെംഷദ്പൂർ ജയം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപനങ്ങൾക്ക് തിരിച്ചടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ ജെംഷദ്പൂർ എഫ്സി പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഒഗ്ബചെയുടെ സെൽഫ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. പ്രതിരോധത്തിലെ പിഴവ് വില്ലനായപ്പോൾ പരാജയമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒഗ്ബചെയും മെസ്സി ബൗളിയുമാണ് ഗോളടിച്ചത്. ജെംഷദ്പൂരിന്റെ ഗോളുകൾ നേടിയത് അകോസ്റ്റയും സെർജിയോ കാസ്റ്റലുമായിരുന്നു. ചുവപ്പ് കാർഡ് കണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ താരം ഹക്കു പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പിന്നീട് രണ്ടാം പകുതി പത്തുപേരുമായി പൊരുതി കേരള ബ്ലാസ്റ്റേഴ്സ്.

11 ആം മിനുട്ടിൽ മെസ്സി ബൗളിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടുന്നത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ബ്ലാസ്റ്റേഴ്സ് ഗോളടിച്ചത്. പിന്നീട് സമനില ഗോൾ നേടാൻ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു ജെംഷദ്പൂർ. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ജെംഷദ്പൂർ തിരിച്ചടിച്ചു. അകോസ്റ്റയിലൂടെയായിരുന്നു ജെംഷദ്പൂർ ഗോളടിച്ചത്. ഗോളിന് വഴൊയൊരുക്കിയത് മൊൻറോയിയാണ്.

ആദ്യ പകുതി സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ ഗോളടിക്കാൻ ഇരു ടീമുകളും ശ്രമിച്ചു കൊണ്ടേയിരുന്നു. ഒഗ്ബചെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ജെസ്സലായിരുന്നു ഒഗ്ബചെയുടെ ഗോളിന് വഴിയൊരുക്കിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് അധിക‌സമയം നിന്നില്ല. മെസ്സിയുടെ ഹാന്റ് ബോൾ ജെംഷദ്പൂരിന് പെനാൽറ്റി സമ്മാനിച്ചു. ഷോട്ടെടുത്ത സെർജിയോ കാസ്റ്റെല്ലിന് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സിനോട് ജെംഷദ്പൂർ സമനില‌നേടി.

എന്നാൽ കളി അവസാനിക്കാനിരിക്കെയാണ് ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യം പിന്തുടർന്നത്. ഒഗ്ബചെയുടെ ഒരു സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്സിന്റെ ജയ പ്രതീക്ഷ ഇല്ലാതെയാക്കി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് ജെംഷദ്പൂർ അക്രമണനിര ഇരച്ച് കയറി. പ്രതിരോധത്തിലെ കൺഫ്യൂഷനിടെ സ്വന്തം വലയിലേക്ക് ക്യാപ്റ്റൻ ഒഗ്ബചെ പന്ത് കയറ്റുകയായിരുന്നു.