Picsart 22 11 13 21 21 45 347

കൊച്ചിയിൽ കേരളത്തിന്റെ പവർ!! ഗോവയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ മൂന്നാം വിജയം. ഇന്ന് കലൂരിൽ വെച്ച് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

നല്ല വേഗതയുള്ള തുടക്കമായിരുന്നു കൊച്ചിയിൽ. രണ്ട് ടീമുകളും അറ്റാക്ക് ചെയ്താണ് കളിച്ചു തുടങ്ങിയത്. ആറാം മിനുട്ടിൽ ഗോവയുടെ ഐകർ തൊടുത്ത ലോങ് റേഞ്ചർ ചെറിയ ആശങ്ക ഉയർത്തി എങ്കിലും ടാർഗറ്റിനു പുറത്തേക്ക് പോയി. തൊട്ടടുത്ത നിമിഷം രാഹുൽ സൃഷ്ടിച്ച ഒരു അവസരം ഗോവ ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. അതിനു പിറകെ വന്ന സഹലിന്റെ ഷോട്ട് പണിപെട്ടാണ് ധീരജ് തട്ടിയകറ്റിയത്.

മറുവശത്ത് പത്താം മിനുട്ടിൽ ഗാർസിയയുടെ ഷോട്ട് ഗിലും തടഞ്ഞു. എങ്കിലും കൂടുതൽ അറ്റാക്കുകൾ വന്നത് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നായിരുന്നു. ദിമിത്രിയോസിന്റെ ഒരു ക്രോസും ഒരു ഷോട്ടും ധീരജിന്റെ ഇടപടൽ ആവശ്യപ്പെടുനത് പിന്നീടുള്ള മിനുട്ടുകളിൽ കാണാൻ ആയി.

ഇതിനിടയിൽ 21ആം മിനുട്ടിൽ ഗോവ ഡിഫൻഡർ സേവിയർ ഗാമ പരിക്കേറ്റ് പുറത്ത് പോയി. പകരം സാൻസൺ പെരേര എത്തി.

കളി പുരോഗമിക്കും തോറും ഗോവ കൂടുതൽ പന്ത് കൈവശം വെക്കാനും കളി കൂടുതൽ നിയന്ത്രിക്കാനും തുടങ്ങി.

42ആം മിനുട്ടിൽ ഗോവയുടെ ഒരു അറ്റാക്ക് ബ്രേക്ക് ചെയ്ത് കൊണ്ട് രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് നടത്തിയ അറ്റാക്ക് ഗോളായി മാറി. വലതു വിങ്ങിലൂടെ രാഹുൽ നടത്തിയ കുതിപ്പും ക്രോസും നേരിടുന്നതിൽ ഗോവ പരാജയപ്പെട്ടു. സഹൽ തൊടുത്ത് ഷോട്ട് ലൂണയുടെ കാലിൽ എത്തി. ടാപിന്നിലൂടെ ഗോൾ. ലൂണയുടെ സീസണിലെ രണ്ടാം ഗോൾ.

മിനുട്ടുകൾക്ക് അകം ദിമിത്രിയോസ് ഒരു പെനാൾട്ടി വിജയിച്ചു. താരം തന്നെ അത് വലയിലേക്ക് എത്തിച്ച് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ 2-0ന് മുന്നിൽ.

ആദ്യ പകുതിയേക്കാൾ വേഗതയിൽ ആണ് രണ്ടാം പകുതി തുടങ്ങിയത്. 52ആം മിനുട്ടിൽ ദിമിത്രിയോസിന്റെ പാസ് ഇവാന് കിട്ടുമ്പോൾ ഒരു ഗോൾ എതിർ താരങ്ങൾ മുന്നിൽ കണ്ടില്ല. എന്നാൽ ഗ്യാലറിയുടെ ഷൂട്ട് ചെയ്യാനുള്ള മുറവിളി കേട്ട ഇവാൻ കലിയുഷ്നി 30 വരെ അകലെ നിന്ന് തൊടുത്ത ഇടം കാലൻ ഷോട്ട് ധീരജ് കണ്ട് നോക്കിനിക്കേണ്ടി വന്നു. ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകൾക്ക് മുന്നിൽ. കലിയുഷ്നിയുടെ സീസണിലെ നാലാം ഗോളായിരുന്നു ഇത്‌.

മൂന്ന് ഗോളുകൾക്ക് പിറകിൽ ആയതോടെ ഗോവ പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞു. 59ആം മിനുട്ടിൽ വാസ്കസ് അവർക്കായി വല കണ്ടെത്തി എങ്കിലും ഓഫസൈഡ് ഫ്ലാഗ് ഉയർന്നു‌. 67ആം മിനുട്ടിൽ ഒരു ഗോൾ ഗോവ തിരിച്ചടിച്ചു. സെറിറ്റന്റെ ക്രോസിൽ നിന്ന് നോവ സദോയിയുടെ ഹെഡർ ആണ് ഗോവക്ക് പ്രതീക്ഷ നൽകിയത്‌.

കളിയിലേക്ക് ഗോവ തിരികെ വരുന്നതിന് തടയാനായി ബ്ലാസ്റ്റേഴ്സ് ജിയാനോയെയും പൂട്ടിയയെയും കളത്തിൽ എത്തിച്ചു. ഡിഫൻസിലേക്ക് ഊന്നിയെങ്കിലും വലിയ സമ്മർദ്ദം ഇല്ലാതെ വിജയം ഉറപ്പിക്കാ‌ൻ കേരള ബ്ലാസ്റ്റേഴ്സിനായി.

പത്ത് മത്സരങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയെ പരാജയപ്പെടുത്തുന്നത്‌. അഞ്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ബ്ലാസ്റ്റേഴ്സ് അവസാനമായി ഗോവയെ തോൽപ്പിച്ചത്.

Exit mobile version