Site icon Fanport

കരീം ബെൻസീമയും ഔട്ട്!!! ഖത്തറിന്റെ നഷ്ടം! ബെൻസീമ ഫ്രാൻസിന് ഒപ്പം ലോകകപ്പിന് ഇല്ല

ഖത്തർ ലോകകപ്പിന്റെ നഷ്ടമായി മറ്റൊരു ഫുട്‌ബോൾ സൂപ്പർ താരം കൂടി. ഫ്രാൻസ് താരവും നിലവിലെ ബാലൻ ഡിയോർ ജേതാവും ആയ കരീം ബെൻസീമയും ലോകകപ്പ് കളിക്കാൻ ഖത്തറിൽ ഉണ്ടാവില്ലെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. 1978 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് നിലവിലെ ബാലൻ ഡിയോർ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്. നേരത്തെ തന്നെയുള്ള പരിക്കുമായി ലോകകപ്പിന് എത്തിയ താരത്തിന് പരിശീലനത്തിന് ഇടയിൽ കൂടെ പരിക്കേറ്റതോടെ ലോകകപ്പ് നഷ്ടമാവുന്ന കാര്യം സ്ഥിരീകരിക്കുക ആയിരുന്നു.

2010, 2014 ലോകകപ്പുകളിൽ കളിച്ച ബെൻസീമക്ക് വിവാദങ്ങൾ കാരണം ഫ്രാൻസ് കിരീടം നേടിയ 2018 ലെ ലോകകപ്പിൽ ഇടം പിടിക്കാൻ ആയിരുന്നില്ല. 2021 ൽ ദേശീയ ടീമിൽ തിരിച്ചെത്തിയ 34 കാരനായ താരത്തിന് ഇത് വലിയ നഷ്ടം തന്നെയാണ്. ഇതിനകം തന്നെ പോൾ പോഗ്ബ, കാന്റെ,കിമ്പപ്പെ, എങ്കുങ്കു തുടങ്ങിയ താരങ്ങളെ നഷ്ടമായ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് മികച്ച ഫോമിലുള്ള ബെൻസീമയുടെ അഭാവം കനത്ത തിരിച്ചടിയാണ്. താരത്തിന്റെ പകരക്കാരനെ ഫ്രാൻസ് ഉടൻ പ്രഖ്യാപിക്കും.

Exit mobile version