കെയിൻ വില്യംസൻ ഈ ലോകകപ്പിന്റെ നായകൻ, ലോകകപ്പ് ടീം പ്രഖ്യാപിച്ചു

- Advertisement -

ഐ. സി.സി ലോകകപ്പിലെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷിച്ച പോലെ ന്യൂസിലാൻഡിനെ അസാധാരണ മികവോടെ നയിച്ച കെയിൻ വില്യംസൻ ലോകകപ്പ് ടീമിന്റെ നായകനായി. ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിൽ നിന്നു 4 താരങ്ങൾ ടീമിൽ ഇടം പിടിച്ചപ്പോൾ ന്യൂസിലാൻഡിൽ നിന്ന് വില്യംസൻ അടക്കം രണ്ടു താരങ്ങളും ടീമിൽ ഇടം നേടി. സെമിയിൽ പുറത്തായ ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും 2 താരങ്ങൾ വീതം ടീമിൽ എത്തിയപ്പോൾ സ്വപ്നപ്രകടനവുമായി ഈ ലോകകപ്പിന്റെ താരം എന്നു പലരും വിളിക്കുന്ന ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസ്സനും ടീമിൽ ഇടം പിടിച്ചു. ഈ ലോകകപ്പിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ ഷാക്കിബ് അസാധാരണമായ പ്രകടനമാണ് പുറത്തെടുത്തത്.

ഓസ്‌ട്രേലിയക്കായി നന്നായി ഓപ്പൺ ചെയ്ത വാർണർ, ഫിഞ്ച് എന്നിവരെയും സഹതാരം ബരിസ്റ്റോയിനേയും തള്ളി ജേസൻ റോയി ഓപ്പണർ ആയപ്പോൾ കൂട്ടായി റെക്കോർഡ് 5 സ്വഞ്ചറി അടക്കം ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺ നേടിയ രോഹിത് ശർമ്മയും ടീമിൽ ഇടം കണ്ടെത്തി. മൂന്നാം നമ്പറിൽ ലോകകപ്പിന്റെ താരമായ കെയിൻ വില്യംസൻ വന്നപ്പോൾ ഇംഗ്ലണ്ടിനായി നല്ല പ്രകടനം പുറത്തെടുത്ത ജോ റൂട്ട് 4 നമ്പറുകാരനായി. ഷാക്കിബിനു പുറമെ ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് ഹീറോ ആയ ബെൻ സ്റ്റോക്‌സ് ഓൾ റൗണ്ടർ ആയി ടീമിൽ എത്തി. ഓസ്‌ട്രേലിയയുടെ അലക്‌സ് കാരിയാണ് വിക്കറ്റ് കീപ്പറുടെ റോളിൽ.

ബോളർമാരിൽ സ്പിൻ ബോളർമാർ ടീമിൽ ഇടം കണ്ടുപിടിച്ചില്ല എന്നത് ശ്രദ്ധേയമായി. ഷാക്കിബിന്റെ സ്വാധീനവും പേസ് ബോളർമാരുടെ പ്രകടനമികവും ആവാം ഇതിനു കാരണം. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് തകർത്ത ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് ടീമിൽ സ്ഥാനം പിടിച്ചപ്പോൾ ന്യൂസിലാൻഡ് മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ച ലോക്കി ഫെർഗൂസനും ടീമിൽ ഇടം പിടിച്ചു. ഇംഗ്ലീഷ് ബോളിങ്ങിനെ നയിച്ച് ഈ ലോകകപ്പിലെ തന്നെ സെൻസേഷൻ ആയി മാറിയ ജോഫ്ര ആർച്ചർ ടീമിൽ എത്തുമെന്നത് ഉറപ്പായിരുന്നു. ഒപ്പം ഈ ലോകകപ്പിൽ ഇന്ത്യക്കായി അവിശ്വസനീയമായി പന്തെറിഞ്ഞ ലോക ഒന്നാം നമ്പർ താരം ജസ്പ്രീത് ബുമ്രയും തന്റെ ടീമിലെ സ്ഥാനം ഉറപ്പാക്കി.

Advertisement