Site icon Fanport

ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗം: ആഷ്‍ലി ജൈല്‍സ്

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് ജോഫ്ര ആര്‍ച്ചറെന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ്. താരത്തിനു ഇംഗ്ലണ്ടിനു കളിക്കുവാനുള്ള അനുകൂല സാഹചര്യമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്തി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് മറ്റു അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും ജൈല്‍സ് പറഞ്ഞു. ഇംഗ്ലണ്ട് സെലക്ടര്‍ എഡ് സ്മിത്താണ് ഇവരില്‍ പ്രധാനി.

എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറയുന്നത് ആര്‍ച്ചര്‍ നിലവിലെ ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമാകുവാനുള്ള സാധ്യത കുറവാണെന്നാണ്. ഈ അവസാന നിമിഷം താരം ടീമിലേക്ക് എത്തുമെന്ന് തോന്നുന്നില്ലെന്നാണ് മോര്‍ഗന്‍ പറഞ്ഞത്. ജോഫ്രയെ പോലെ 90 മൈല്‍ വേഗത്തില്‍ പന്തെറിയുന്ന താരം ഏത് ടീമിനും മുതല്‍ക്കൂട്ടാണെന്നും മാര്‍ച്ച് മുതല്‍ നിയമപ്രകാരം താരത്തിനു ഇംഗ്ലണ്ടിനു കളിക്കാമെന്നതും താരത്തെ പരിഗണിക്കുവാന്‍ ഇടയാക്കുന്നു എന്നാണ് ജൈല്‍സ് പറയുന്നത്.

എന്നാല്‍ ഇംഗ്ലണ്ടിന്റെ നിലവിലെ ലൈനപ്പ് മാറ്റേണ്ടതില്ലെന്ന അഭിപ്രായവും തനിക്കുണ്ടെന്ന് ജൈല്‍സ് പറഞ്ഞു. ഇംഗ്ലണ്ടിനായി ഏറെക്കാലമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സംഘം ചെറുപ്പക്കാരാണ് ടീമിലുള്ളത്. അതിനാല്‍ തന്നെ അവസാന തീരുമാനം ക്യാപ്റ്റനും കോച്ചും എല്ലാം ആവും എടുക്കുന്നതെന്നും ജൈല്‍സ് പറഞ്ഞു.

Exit mobile version