Site icon Fanport

ആദ്യ പകുതിയിൽ സൂപ്പർ സബ്ബിറക്കി ബിനോയുടെ മാസ്റ്റർ ക്ലാസ്, പിന്നാലെ ജെസിന്റെ ഹാട്രിക്ക്!! കേരളം ബഹുദൂരം മുന്നിൽ

സന്തോഷ് ട്രോഫി സെമി ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളം കർണാടകക്ക് എതിരെ 4-1ന് മുന്നിൽ. കളി കേരളത്തിന്റെ കയ്യിൽ നിന്ന് അകലുകയാണെന്ന് തോന്നിയപ്പോൾ ബിനോ ജോർജ്ജ് നടത്തിയ സബ്സ്റ്റിട്യൂഷൻ ആണ് കളിയുടെ ഗതി മാറ്റിയത്.

ഇന്ന് പയ്യനാടിൽ നിറഞ്ഞ് നിന്ന സ്റ്റേഡിയത്തിൽ കേരളം ആണ് മികച്ച രീതിയിൽ തുടങ്ങിയത്. തുടർ ആക്രമണങ്ങൾ കേരളം നടത്തിക്കൊണ്ടേ ഇരുന്നു. കേരളത്തിന്റെ അറ്റാക്കുകളാലും സെറ്റ് പീസുകളാലും കർണാടക പെനാൾട്ടി ബോക്സ് തിരക്കിലായെങ്കിലും ഗോൾ ഒന്നും പിറന്നില്ല. കെവിൻ കോശിയുടെ നല്ല സേവുകൾ കളി ഗോൾ രഹിതമായി നിർത്തി. വിഗ്നേഷിന്റെ ഒരു ഷോട്ടിൽ നിന്ന് നല്ല സേവ് തന്നെ നടത്തേണ്ടി വന്നു കെവിന് കളി ഗോൾ രഹിതമായി നിർത്താൻ.Picsart 22 04 28 21 03 34 255

കേരളത്തിന്റെ ആധിപത്യം നടക്കുന്നതിന് ഇടയിലാണ് മൊത്തം സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് കർണാകട ഗോൾ നേടി. 25ആം മിനുട്ടിൽ സുധീർ ആണ് പന്ത് വലയിൽ എത്തിച്ചത്. സൊലൈമലിയുടെ ഇടത് വിങ്ങിലൂടെയുള്ള കുതിപ്പിന് ശേഷം നൽകിയ ക്രോസ് ബാക്ക് പോസ്റ്റിൽ ഓടിയെത്തിയ സുധീർ ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ഗോൾ പിറന്നതിന് പിന്നാലെ ബിനോ ജോർജ്ജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിൽ എത്തിച്ചു. ബിനോയുടെ തീരുമാനം തെറ്റിയില്ല. 35ആം മിനുട്ടിൽ ജെസിന്റെ ഫിനിഷ്. ഗോൾ ലൈൻ വിട്ട് വന്ന കെവിനു മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു ജെസിൻ വല കണ്ടെത്തിയത്‌.

42ആം മിനുട്ടിൽ ജെസിൻ തന്നെ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ഫിനിഷിങ് ടച്ച് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരളം 2-1ന് മുന്നിൽ. അവിടെയും തീർന്നില്ല 45ആം മിനുട്ടിൽ താരം ഹാട്രിക്കും തികച്ചു. ബിനോയുടെ അത്ഭുത നീക്കം. ജെസിന്റെ അത്ഭുത പ്രകടനം. പിന്നാലെ ഷിഗിലും കൂടെ ഗോൾ നേടിയതോടെ കേരളം ആദ്യ പകുതിയിൽ തന്നെ 4-1ന് മുന്നിൽ.

രണ്ടാം പകുതിയിൽ വിജയം ഉറപ്പാക്കി കലാശ പോരാട്ടത്തിലേക്ക് കടക്കുക ആകും കേരളത്തിന്റെ ലക്ഷ്യം

Exit mobile version