അടിയോടടി!!!! ഓപ്പണര്‍മാര്‍ നേടിയത് 416 റൺസ്, 500 റൺസും കടന്ന് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാച്ചൽ പ്രദേശിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി തമിഴ്നാട്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 506 റൺസാണ് നേടിയത്. ലിസ്റ്റ് എ മത്സരത്തിൽ ആദ്യമായി 500 കടക്കുന്ന ടീമായി ഇതോടെ തമിഴ്നാട് മാറി.

വെറും 2 വിക്കറ്റ് നഷ്ടമായ തമിഴ്നാടിന് വേണ്ടി 141 പന്തിൽ 277 റൺസ് നേടിയ എന്‍ ജഗദീഷനും 102 പന്തിൽ 154 റൺസ് നേടിയ സായി സുദര്‍ശനും ആണ് റൺ മല തീര്‍ക്കുവാന്‍ സഹായിച്ചത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 416 റൺസാണ് നേടിയത്. സുദര്‍ശന്റെ വിക്കറ്റാണ് ആദ്യം ടീമിന് നഷ്ടമായത്. താരം 19 ഫോറും 2 സിക്സും നേടിയപ്പോള്‍ ജഗദീഷന്‍ 25 ഫോറും 15 സിക്സുമാണ് നേടിയത്.

ബാബ അപരാജിത്(31*), ബാബ ഇന്ദ്രജിത്ത് (31*) എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിന്റെ സ്കോര്‍ 500 കടത്തിയത്.