ലോകകപ്പിലെ ക്ലാസ്സിക് പോരാട്ടം വിജയിച്ച് ന്യൂസിലാണ്ട് ഫൈനലിലേക്ക്, പൊരുതി നോക്കി ജഡേജ-ധോണി കൂട്ടുകെട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ 5/3 എന്ന നിലയിലേക്കും 24/4 എന്ന നിലയിലേക്കും പ്രതിരോധത്തിലായ ശേഷം ആധിപത്യം ഉറപ്പിച്ച ന്യൂസിലാണ്ടിന് വിജയം എളുപ്പമാക്കാതെ ഇന്ത്യ. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും പൊരുതി നോക്കിയെങ്കിലും ന്യൂസിലാണ്ടിനെതിരെ 240 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പൊരുതിയെങ്കിലും ലക്ഷ്യത്തിന് 18 റണ്‍സ് അകലെ വരെ എത്തുവാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളു.

ഇന്ന് രവീന്ദ്ര ജഡേജയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്. 24/4 എന്ന നിലിയല്‍ പത്താം ഓവറില്‍ ദിനേശ് കാര്‍ത്തികിനെ നഷ്ടമായ ശേഷം ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ തിരിച്ചവരവിന്റെ പാതയിലേക്ക് നയിക്കുകകയായിരുന്നു. 47 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം സാന്റനര്‍ പന്തിനെയും ഹാര്‍ദ്ദിക്കിനെയും മടക്കിയയ്ക്കുകയായിരുന്നു. ഇരു താരങ്ങളും 32 റണ്‍സ് വീതമാണ് നേടിയത്.

പിന്നീട് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന പ്രകടനമാണ് ജഡേജയും ധോണിയും ചേര്‍ന്ന് നടത്തിയത്. ധോണി ഒരു വശത്ത് ഇന്ത്യന്‍ ഇന്നിംഗ്സിനെ പടുത്തുയര്‍ത്തിയപ്പോള്‍ ജഡേജ ന്യൂസിലാണ്ട് ബൗളര്‍മാരെ ആക്രമിച്ച് പ്രതിരോധത്തിലാക്കുകയായിരുന്നു. 39 പന്തില്‍ നിന്നാണ് രവീന്ദ്ര ജഡേജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. ഏഴാം വിക്കറ്റില്‍ ഇന്ത്യയ്ക്കായി ധോണിയും ജഡേജയും ചേര്‍ന്ന് നേടിയത് 116 റണ്‍സാണ്. 31ാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകുമ്പോള്‍ 92/6 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് അവിശ്വസനീയമായ പ്രകടനമാണ് ധോണിയും ജഡേജയും പുറത്തെടുത്തത്.

അപ്രാപ്യമായ ലക്ഷ്യമെന്ന് തോന്നിപ്പിച്ച സ്കോറിനെ ഇരുവരും ചേര്‍ന്ന് 6 ഓവറില്‍ 62 റണ്‍സെന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും വിക്കറ്റുകള്‍ കൈവശമില്ലാത്തതിനാല്‍ ഈ കൂട്ടുകെട്ട് തുടരേണ്ടത് ഏറെ നിര്‍ണ്ണായകമായി മാറിയിരുന്നു. ധോണി കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളും നേടിയപ്പോള്‍ ജഡേജയാണ് ന്യൂസിലാണ്ടിനെ ആക്രമിക്കുകയെന്ന ദൗത്യം ഏറ്റെടുത്തത്.

അടുത്ത രണ്ടോവറില്‍2 0 റണ്‍സ് നേടിയ ഏഴാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് മത്സരം അവസാന നാലോവറില്‍ 42 റണ്‍സാക്കി മാറ്റി. മാറ്റ് ഹെന്‍റി എറിഞ്ഞ 47ാം ഓവറില്‍ 5 റണ്‍സ് മാത്രമേ ഇന്ത്യയ്ക്ക് നേടാനായുള്ളു. ഇതോടെ ലക്ഷ്യം അവസാന മൂന്നോവറില്‍ 37 റണ്‍സായി മാറി.

എന്നാല്‍ അടുത്ത ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ ട്രെന്റ് ബോള്‍ട്ട് വീഴ്ത്തിയതോടെ മത്സരം ന്യൂസിലാണ്ടിന്റെ പക്ഷത്തേക്ക് മാറി. 59 പന്തില്‍ നിന്ന് 77 റണ്‍സാണ് ജഡേജ നേടിയത്. ഓവര്‍ അവസാനിച്ചപ്പോള്‍ 12 പന്തില്‍ നിന്ന് 31 റണ്‍സായി മാറി കളി.

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 49ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്സര്‍ പറത്തിയെങ്കിലും ഓവറില്‍ താരം റണ്ണൗട്ട് ആയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 49.3 ഓവറില്‍ ഇന്ത്യ 221 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.