primus mobile
primus mobile

ഇസ്ലാമാബാദ് യുണൈറ്റഡ് ചാമ്പ്യന്‍മാര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018 വിജയികളായി ഇസ്ലാമാബാദ് യുണൈറ്റഡ്. നിലവിലെ ചാമ്പ്യന്മാരായ പേഷ്വാര്‍ സല്‍മിയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയമാണ് ഇസ്ലാമാബാദ് യുണൈറ്റഡ് നേടിയത്. ലൂക്ക് റോഞ്ചി 26 പന്തില്‍ നേടിയ 52 റണ്‍സാണ് കളി ഇസ്ലാമാബാദിനു അനുകൂലമാക്കി മാറ്റിയത്. 20 ഓവറില്‍ പേഷ്വാര്‍ 148/9 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 16.5 ഓവറില്‍ 154/7 എന്ന നിലയിലാണ് ഇസ്ലാമാബാദ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. ആസിഫ് അലി 6 പന്തില്‍ നിന്ന് 26 റണ്‍സ് നേടി.

ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 96 റണ്‍സാണ് ലൂക്ക് റോഞ്ചി-സാഹിബ്സാദ ഫര്‍ഹാന്‍(44) കൂട്ടുകെട്ട് നേടിയത്. അതിനു ശേഷം 116/6 എന്ന നിലയിലേക്ക് ഇസ്ലാമാബാദ് യുണൈറ്റഡ് തകര്‍ന്നടിയുകയായിരുന്നു. പിന്നീട് അസിഫ് അലിയുടെ ഇന്നിംഗ്സാണ് ടീമിനെ വീണ്ടും വിജയവഴിയിലേക്ക് എത്തിച്ചത്. പേഷ്വാറിനു വേണ്ടി ഹസന്‍ അലി, വഹാബ് റിയാസ്, ക്രിസ് ജോര്‍ദ്ദന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഉമൈദ് ആസിഫ് ഒരു വിക്കറ്റിനുടമയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പേഷ്വാറിനായി ക്രിസ് ജോര്‍ദ്ദന്‍ 36 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ലിയാം ഡോസണ്‍ 33 റണ്‍സ് നേടിയപ്പോള്‍ വാലറ്റത്തില്‍ വഹാബ് റിയാസ് നേടിയ 28 റണ്‍സ്(14 പന്തില്‍ നിന്ന് പുറത്താകാതെ) ആണ് ടീമിനെ 148 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഇസ്ലാമാബാദിനു വേണ്ടി ഷദബ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഹൂസൈന്‍ തലത്, സമിത് പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial