ഐ.പി.എൽ ഉപേക്ഷിക്കാനുള്ള സാധ്യതയേറി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കേന്ദ്ര സർക്കാർ 21 ദിവസത്തേക്ക് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഈ വർഷത്തെ ഐ.പി.എൽ ഉപേക്ഷിക്കാനുള്ള സാധ്യതയേറി. കൊറോണ വൈറസ് ബാധ ഇന്ത്യയിൽ പടരുന്ന സാഹചര്യത്തിൽ ഇന്നലെ അർദ്ധ രാത്രി മുതൽ കേന്ദ്ര സർക്കാർ ഇന്ത്യയൊട്ടാകെ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരുന്നു. ഇതോടെ നേരത്തെ മാർച്ച് 29ൽ നിന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവെച്ച ഐ.പി.എൽ നടക്കാനുള്ള സാധ്യത വളരെ വിരളമായി. ഏപ്രിൽ 15ന് മുൻപ് ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ മാറ്റം വരാനുള്ള സാധ്യതയും കുറവാണ്.

കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ഐ.പി.എൽ മാറ്റിവെക്കാനുണ്ടായ സാഹചര്യത്തിൽ നിന്ന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ലെന്ന് പറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കിങ്‌സ് ഇലവൻ പഞ്ചാബ് ഉടമ നെസ് വാഡിയ ബി.സി.സി.ഐ ഐ.പി.എൽ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ജപ്പാനിൽ നടക്കേണ്ട ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗും മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്.