ഇന്ത്യയെ ലോകകപ്പ് വരെ സ്പിന്‍ ബൗളിംഗ് പരിശീലിപ്പിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ സ്പിന്‍ ബൗളിംഗ് കരുത്തിനെ ലോകകപ്പ് വരെ പരിശീലിപ്പിക്കുവാന്‍ സന്നദ്ധനാണെന്നറിയിച്ച് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ടെസ്റ്റ് തോല്‍വിയില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ പങ്കുണ്ടെന്നതിനാല്‍ ടീം മാനേജ്മെന്റ് ഒരു സ്പിന്‍ ബൗളിംഗ് കോച്ചിനെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത പുറത്ത് വരുന്ന സാഹചര്യത്തിലാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ താണ്ഡവമാടുമ്പോളും വിദേശ പിച്ചുകളില്‍ ഈ മികവ് അവര്‍ക്ക് പുറത്തെടുക്കുവാനാകുന്നില്ല. ഇംഗ്ലണ്ടിലാണ് 2019 ലോകകപ്പ് മത്സരം നടക്കുന്നതെന്നതെന്ന് കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആ വിഭാഗത്തില്‍ ഇനിയും പ്രാവീണ്യം കൈവരിക്കേണ്ടതുണ്ടെന്ന് തീര്‍ച്ച.

ബിസിസിഐ തന്നെ സമീപിക്കുകയാണെങ്കില്‍ 2019 ലോകകപ്പ് വരെ ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റ്/കോച്ച് എന്ന റോളില്‍ തനിക്ക് ടീമിനെ സഹായിക്കണമെന്നുണ്ടെന്നാണ് ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. 11-40 ഓവറുകളിലാണ് വിക്കറ്റുകള്‍ വീഴ്ത്തേണ്ടത്. കുറഞ്ഞത് അഞ്ച് വിക്കറ്റുകളെങ്കിലും നേടിയാല്‍ ഈ ദൗത്യം സ്പിന്നര്‍മാര്‍ കൈവരിച്ചുവെന്ന് കരുതാവുന്നതാണ്. ഈ കാലയളവില്‍ വിക്കറ്റുകള്‍ വീഴ്തത്തിയില്ലെങ്കില്‍ ബാറ്റ്സ്മാന്മാര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുവാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സ്പിന്നര്‍മാരെല്ലാം മികച്ചവരാണെങ്കിലും ചെറിയ മെച്ചപ്പെടലുകള്‍ ഇവര്‍ക്ക് ആവശ്യമാണെന്ന് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പറഞ്ഞു. കുല്‍ദീപ് യാദവ് പന്തെറിയുമ്പോള്‍ തന്റെ ആക്ഷനും ശരീരവും ക്രമപ്പെടുത്തതായിട്ടുണ്ടെന്നാണ് ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. ചഹാലിനും അല്പം മാറ്റം ആവശ്യമാണെന്ന് പറഞ്ഞ ശിവരാമകൃഷ്ണന്‍ ഇരുവരും ടോപ് സ്പിന്നറുകള്‍ കൂടി എറിയുവാന്‍ ശീലിച്ച് തുടങ്ങിയാല്‍ കൂടുതല്‍ അപകടകാരിയാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.