Picsart 23 04 16 02 25 20 630

സീരി എയിൽ സാൻ സിറോയിൽ ഇന്റർ മിലാനു പരാജയം

ഇറ്റാലിയൻ സീരി എയിൽ മോൻസയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു ഇന്റർ മിലാൻ. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ 25 ഷോട്ടുകൾ ആണ് അവർ ഉതിർത്തത്. എന്നാൽ മോൻസ പ്രതിരോധം ഇന്ററിന് മുന്നിൽ കീഴടങ്ങിയില്ല. ജയത്തോടെ മോൻസ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്ത് അഞ്ചാം സ്ഥാനത്ത് ആണ് ഇന്റർ. ഗോൾ രഹിതമായ വിരസമായ ആദ്യ പകുതിയിലെ പ്രകടനം തന്നെയാണ് ഇന്റർ രണ്ടാം പകുതിയിലും തുടർന്നത്.

ഇടക്ക് മാർട്ടിനസ്, ലുകാക്കു എന്നിവരുടെ ശ്രമങ്ങൾ ഫലവും കണ്ടില്ല. 78 മത്തെ മിനിറ്റിൽ മുൻ ഇന്റർ യുവതാരം ലൂക കാൽഡിറോള പാട്രിക് സിയുരയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടി സാൻ സിറോയെ ഞെട്ടിക്കുക ആയിരുന്നു.ഇന്ററിന് എതിരെ ജനുവരിയിലും താരം ഗോൾ നേടിയിരുന്നു. ജയത്തോടെ തങ്ങളുടെ ആദ്യ സീരി എ സീസണിൽ തന്നെ അടുത്ത സീസണിലും തങ്ങൾ ഇറ്റാലിയൻ ഒന്നാം ഡിവിഷനിൽ ഉണ്ടാവും എന്നു മോൻസ ഉറപ്പിച്ചു. പരാജയം മറന്നു ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ബെൻഫിക്കയെ നേരിടുന്നതിൽ ആവും ഇനി ഇന്ററിന്റെ ശ്രദ്ധ.

Exit mobile version