ടൂറിനിൽ വന്ന് ഇന്റർ മിലാൻ യുവന്റസിനെ തോൽപ്പിച്ചു

സീരി എയിൽ ഇന്ന് നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്റർ മിലാന് വിജയം. ടൂറിനിൽ യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്റർ മിലാൻ വിജയിച്ചത്. യുവന്റസ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് ഇന്നത്തെ മത്സരം ആരംഭിച്ചത്. പക്ഷെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് യുവന്റസ് ഇന്റർ മിലാന് ഒരു പെനാൾട്ടി സമ്മാനിച്ചു.

പെനാൾട്ടി ആദ്യം ചാഹനൊഹ്ലു എടുത്തപ്പോൾ ചെസ്നിക്ക് അത് തടയാൻ ആയി. എന്നാൽ പെനാൾട്ടി എടുക്കും മുമ്പ് ബോക്സിൽ യുവന്റസ് താരങ്ങൾ കയറിയതിനാൽ പെനാൾട്ടി വീണ്ടും എടുക്കുകയും ഹകൻ ചാഹനൊഹ്ലു അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. 20220404 015651

രണ്ടാം പകുതിയിൽ ഒരു സമനിലക്കായി യുവന്റസ് കുറേയേറെ ശ്രമിച്ചു എങ്കിലും അവസരങ്ങൾ തുലച്ചത് വിനയായി. സകറിയയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആണ് യുവന്റസ് ഗോളിനോടേറ്റവും അടുത്ത നിമിഷം. യുവന്റസ് അറ്റാക്ക് ചെയ്തു എങ്കിലും വലിയ നിരാശയില്ലാതെ ഇന്റർ വിജയം ഉറപ്പിച്ചു.

ഈ ജയത്തോടെ ഇന്റർ മിലാൻ 63 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ഒന്നാമതുള്ള നാപോളിക്കും രണ്ടാമത് ഉള്ള മിലാനും തമ്മിൽ ഇന്ററിന് ഇപ്പോൾ മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമെയുള്ളൂ.