സെർബിയയെ ഞെട്ടിച്ച് സ്വിറ്റ്സർലാന്റിന്റെ ഉജ്ജ്വല തിരിച്ചുവരവ്

- Advertisement -

ആവേശകരമായ മത്സരത്തിൽ സെർബിയയെ തറപറ്റിച്ച് സ്വിറ്റ്സർലാന്റ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വിറ്റ്സർലാന്റ് സെർബിയയെ പരാജയപ്പെടുത്തിയത്. അഞ്ചാം മിനുട്ടിൽ തന്നെ പിറകിലായ സ്വിറ്റ്സർലാന്റ് മികച്ച തിരിച്ചുവരവ് നടത്തി ഇഞ്ചുറി ടൈമിൽ ജയം പിടിച്ചെടുക്കുകയായിരുന്നു.

മികച്ച തുടക്കമാണ് മത്സരത്തിൽ സെർബിയക്ക് ലഭിച്ചത്. ടാഡിക്കിന്റെയും മിട്രോവിച്ചിന്റെയും മികച്ച മുന്നേറ്റം കണ്ടാണ് മത്സരം തുടങ്ങിയത്. അവരുടെ ആദ്യ ശ്രമം സ്വിറ്റ്സർലാന്റ് ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ മിട്രോവിച്ച് സെർബിയയെ മുൻപിലെത്തിച്ചു. എന്നാൽ ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം കാഴ്ചവെച്ച സ്വിറ്റ്സർലാന്റ് ആദ്യ പകുതിയിൽ മത്സരം നിയന്ത്രിച്ചെങ്കിലും ഗോൾ നേടാനായില്ല.

തുടർന്ന് രണ്ടാം പകുതിയിലാണ് സ്വിറ്റ്സർലാന്റ് മികച്ച തിരിച്ചുവരവ് നടത്തി സെർബിയയെ ഞെട്ടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഴ്‌സണൽ താരം സാക്കയാണ് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ സെർബിയൻ വല കുലുക്കിയത്. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ എണ്ണം പറഞ്ഞ ഒരു ഗോളിലൂടെ ഷകീരി സ്വിറ്റ്സർലാന്റിന് വിജയം നേടികൊടുക്കുകയായിരുന്നു.

സെർബിയയുടെ തോൽവിയോടെ അവസാന റൗണ്ട് മത്സരങ്ങൾ ബ്രസീലിനും സെർബിയക്കും സ്വിറ്റ്സർലാന്റിനും നിർണായകമായി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീലിനും രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്സർലാന്റിനും 4 പോയിന്റാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള സെർബിയക്ക് 3 പോയിന്റാണ് ഉള്ളത്. അടുത്ത റൗണ്ടിൽ ബ്രസീൽ സെർബിയയെയും സ്വിറ്റ്സർലാന്റ് ഗ്രൂപ്പിലെ ദുർബലരായ കോസ്റ്റാറിക്കയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement