ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ യുവ താരഹ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീട ജേതാക്കളായ താരങ്ങള്‍ ചൈന ഓപ്പണ്‍ സെമി വരെയും എത്തിയിരുന്നു. ഡബിള്‍സ് ലോക റാങ്കിംഗില്‍ താരങ്ങള്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്കാണ് ഉയര്‍ന്നിട്ടുള്ളത്. ചൈന ഓപ്പണ്‍ സെമിയില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ടീമിനോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്. 9ാം റാങ്കുകാരായ ഇവര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഏഴാം സ്ഥാനത്തേക്ക് എത്തുന്നത്.

ലോക റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമായും താരങ്ങള്‍ മാറി. മുമ്പ് ജ്വാല ഗുട്ട്-വി ഡിജു സഖ്യവും ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ കൂട്ടുകെട്ടുമാണ് ആദ്യ പത്ത് റാങ്കിംഗില്‍ എത്തിയിട്ടുള്ളത്.

അതേ സമയം പുരുഷ സിംഗിള്‍സില്‍ സായി പ്രണീത് കരിയറില്‍ ആദ്യമായി ആദ്യ പത്ത് റാങ്കിലേക്ക് കടന്നു. പത്താം റാങ്കിലേക്ക് എത്തിയ താരം ഇപ്പോള്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ്. ഒരു സ്ഥാനമാണ് പ്രണീത് മെച്ചപ്പെടുത്തിയത്. അതേ സമയം ശ്രീകാന്ത് കിഡംബി 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.