
മലേഷ്യയെ 3-1 നു കീഴടക്കി ഇന്ത്യയ്ക്ക് ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇവന്റ് സ്വര്‍ണ്ണം. മത്സരത്തില്‍ മിക്സഡ് ഡബിള്‍സ്, പുരുഷ-വനിത സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് കാലിടറി. സാത്വിക് സായിരാജ്-അശ്വിനി പൊന്നപ്പ സഖ്യം ആദ്യ മത്സരം ജയിച്ച് ഇന്ത്യയ്ക്ക് ലീഡ് നല്കിയപ്പോള് കിഡംബി ഇന്ത്യയെ 2-0നു മുന്നിലെത്തിച്ചു. പുരുഷ ഡബിള്‍സ് വിജയിച്ച് മലേഷ്യ ഒരു പോയിന്റ് തിരിച്ചുപിടിച്ചുവെങ്കിലും വനിത സിംഗിള്‍സില്‍ സൈനയ്ക്ക് മുന്നില്‍ മലേഷ്യന്‍ താരത്തിനു ഉത്തരങ്ങളില്ലായിരുന്നു. ഇത് ഗെയിംസിലെ ഇന്ത്യയുടെ പത്താം സ്വര്‍ണ്ണമാണ്.
21-11, 19-21, 21-9 എന്ന സ്കോറിനാണ് സൈന സോണിയ ചിയയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അനായാസം നേടിയെങ്കിലും രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടമാണ് സൈന നേരിട്ടത്. ഇടവേള സമയത്ത് 11-10ന്റെ നേരിയ ലീഡ് മാത്രമായിരുന്നു സൈനയുടെ കൈവശമുണ്ടായിരുന്നത്.
എന്നാല്‍ ഇടവേളയ്ക്ക് ശേഷം മികവ് പുറത്തെടുത്ത സൈന ലീഡ് വര്‍ദ്ധിപ്പിച്ചു. ഇതിനിടെ ചിയയ്ക്ക് പരിക്കേറ്റതിനാല്‍ മെഡിക്കല്‍ ടൈം ഔട്ട് എടുക്കേണ്ടി വരികയും 11-13നു പിന്നിലായിരുന്നു ചിയ ഇടവേളയ്ക്ക് ശേഷം 17-15നു ലീഡ് മലേഷ്യന്‍ താരം നേടി. 17-17നു സൈന ഒപ്പം പിടിക്കുകയും പിന്നീട് ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. 18-18, 19-19 എന്നീ പോയിന്റുകളില്‍ ഇരു താരങ്ങളും ഒപ്പം പിടിച്ചുവെങ്കിലും 21-19നു ഗെയിം സ്വന്തമാക്കി ചിയ മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി.
മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ ലീഡ് ചിയയ്ക്കായിരുന്നുവെങ്കിലും ഇടവേളയ്ക്ക് സൈന 11-9ന്റെ ലീഡ് കരസ്ഥമാക്കി. ഇടവേളയ്ക്ക് ശേഷം കുതിപ്പ് തുടര്‍ന്ന സൈന തുടരെ 10 പോയിന്റുകള്‍ നേടി ഇന്ത്യയുടെ പത്താം സ്വര്‍ണ്ണം ഉറപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial