ഞെട്ടിച്ച് മഴ!!! പിന്നെ ഇന്ത്യന്‍ തിരിച്ചുവരവ്, ഒടുവിൽ അവസാന ഓവറിൽ ടെന്‍ഷനടിപ്പിച്ച വിജയവുമായി ഇന്ത്യ

ലിറ്റൺ ദാസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ തുടക്കത്തിൽ കുതിച്ച ബംഗ്ലാദേശിനെ മഴ ബ്രേക്കിന് ശേഷം പിടിച്ചുകെട്ടി ഇന്ത്യ. 7 ഓവര്‍ പിന്നിടുമ്പോള്‍ 66/0 എന്ന നിലയിൽ മികച്ച രീതിയിലായിരുന്ന ബംഗ്ലാദേശിന് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. ബംഗ്ലാദേശ് ഇന്നിംഗ്സ് 16 ഓവറിൽ 145/6 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ ഇന്ത്യ 5 റൺസ് വിജയം നേടി. അവസാന ഓവറിൽ 20 റൺസ് വേണ്ട ഘട്ടത്തിൽ ബംഗ്ലാദേശ് ലക്ഷ്യം അവസാന പന്തിൽ 7 റൺസിലേക്ക് എത്തിച്ചുവെങ്കിലും സൂപ്പര്‍ ഓവറിന് വേണ്ട സിക്സ് നേടുവാന്‍ നൂറുള്‍ ഹസന് സാധിച്ചില്ല.

ലിറ്റൺ ദാസ് റണ്ണൗട്ടായതോടെ ബംഗ്ലാദേശിനെ താളം തെറ്റുന്നതാണ് കണ്ടത്. താരം 27 പന്തിൽ 60 റൺസ് നേടിയപ്പോള്‍ കെഎൽ രാഹുല്‍ ഡയറക്ട് ത്രോയിലൂടെയാണ് ദാസിനെ പുറത്താക്കിയത്.

മഴയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ ലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി പുനഃക്രമീകരിക്കുകയായിരുന്നു. ലിറ്റൺ ദാസ് പുറത്തായ ശേഷം നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ(21) ഷമി പുറത്താക്കിയപ്പോള്‍ ഒരേ ഓവറിൽ അഫിഫ് ഹൊസൈനെയും ഷാക്കിബ് അൽ ഹസനെയും അര്‍ഷ്ദീപ് പുറത്താക്കി.

അടുത്ത ഓവറിൽ ഹാര്‍ദ്ദിക് യാസിര്‍ അലിയെയും മൊസ്ദേക്ക് ഹൊസൈനെയും പുറത്താക്കിയപ്പോള്‍ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി കഴിഞ്ഞിരുന്നു. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 31 റൺസായിരുന്നു ബംഗ്ലാദേശ് നേടേണ്ടിയിരുന്നത്. നൂറുള്‍ ഹസന്‍ ടീമിന്റെ പ്രതീക്ഷയായി ക്രീസിലുണ്ടായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ 15ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും അടക്കും ടാസ്കിന്‍ അഹമ്മദ് നേടിയപ്പോള്‍ അവസാന രണ്ട് പന്തിൽ നൂറുള്‍ ഹസന് റണ്ണൊന്നും എടുക്കാനാകാതെ പോയതോടെ ലക്ഷ്യം 6 പന്തിൽ 20 റൺസായി മാറി.

അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ 14 റൺസാണ് പിറന്നത്. നൂറുള്‍ ഹസന്‍ ഓവറിലെ രണ്ടാം പന്തിൽ സിക്സര്‍ പറത്തി ലക്ഷ്യം 4 പന്തിൽ 13 ആക്കി മാറ്റിയെങ്കിലും പിന്നീട് അര്‍ഷ്ദീപ് മികച്ച രീതിയിൽ പന്തെറിഞ്ഞു. അവസാന രണ്ട് പന്തിൽ ലക്ഷ്യം 11 ആയപ്പോള്‍ അഞ്ചാം പന്തിൽ നൂറുള്‍ ബൗണ്ടറി നേടി അവസാന പന്തിൽ ഏഴെന്ന നിലയിൽ സ്കോര്‍ എത്തിച്ചു. സൂപ്പര്‍ ഓവറിന് സിക്സ് വേണ്ടപ്പോള്‍ ഒരു റൺ മാത്രമാണ് നൂറുളിന് എടുക്കുവാനായത്. ഇതോടെ ഇന്ത്യ അഞ്ച് റൺസ് വിജയം കൈക്കലാക്കി.

നൂറുള്‍ 14 പന്തിൽ 25 റൺസും ടാസ്കിന്‍ അഹമ്മദ് 7 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു.