വീണ്ടും വിജയമില്ല, ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചു

ഒരിക്കൽ കൂടെ ഇന്ത്യൻ ലോകകപ്പ് സ്വപനത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്ന് ഒമാനിലും ഇന്ത്യക്ക് വിജയിക്കാൻ ആയില്ല. ഒമാനിൽ ഇന്ത്യ പൊരുതി നിന്നെങ്കിലും 1-0ന്റെ പരാജയം ഇന്ത്യ നേരിട്ടു. ഇന്ത്യയിൽ വന്ന് കളിച്ചപ്പോഴും ഒമാനായിരുന്നു വിജയം. ഈ തോൽവി കൂടി ആയതോടെ ഇന്ത്യ യോഗ്യത റൗണ്ടിന്റെ ഈ ഘട്ടം കടക്കില്ല എന്ന് ഉറപ്പായി.

ഇന്ന് ഇന്ത്യയുടെ തുടക്കം തന്നെ മോശമായിരുന്നു. കളിയുടെ ഏഴാം മിനുട്ടിൽ തന്നെ ഇന്ത്യ പെനാൾട്ടി വഴങ്ങി. പക്ഷെ ഭാഗ്യം കൊണ്ട് ആ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിയില്ല. 33ആം മിനുട്ടിൽ അൽ ഖാലിദിയിലൂടെ ആണ് ഒമാൻ കളിയിൽ മുന്നിൽ എത്തിയത്. ആ ഗോളിന് പിന്നാലെ പരിക്ക് കാരണം പ്രണോയ് ഹാൾദറിനെയും ആദിൽ ഖാനെയും ഇന്ത്യക്ക് നഷ്ടമായി.

മത്സരത്തിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ആയില്ല. ഇന്നത്തെ പരാജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റിൽ നിൽക്കുകയാണ് ഇന്ത്യ. ഇനി അവസാന മൂന്ന് മത്സരങ്ങൾ ഇന്ത്യ വിജയിച്ചാൽ പോലും ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ല.

Exit mobile version