റണ്ണൊഴുകിയ ആ 19ാം ഓവറുകള്‍, ഭുവിയെന്ന സീനിയര്‍ താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനമോ ഇത്

ഇന്ത്യയുടെ പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയുമുള്ള ഏഷ്യ കപ്പിലെ സൂപ്പര്‍ 4ലെ പരാജയങ്ങള്‍ അവസാന ഓവര്‍ വരെ ടീം പൊരുതിയ ശേഷമായിരുന്നു. ഇരു മത്സരങ്ങളിലും അര്‍ഷ്ദീപ് സിംഗിന് പ്രതിരോധിക്കുവാന്‍ 7 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. താരമാകട്ടേ തന്റെ സര്‍വ്വവും പുറത്തെടുത്ത് പന്തെറിഞ്ഞ് പൊരുതി നോക്കിയെങ്കിലും ഇരു മത്സരങ്ങളിലും എതിരാളികള്‍ വിജയം കൈക്കലാക്കി.

Arshdeepsingh

ഈ രണ്ട് മത്സരങ്ങളിലും റണ്ണൊഴുകിയ 19ാം ഓവര്‍ മത്സരം തിരിയ്ക്കുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. പാക്കിസ്ഥാനെതിരെ 2 ഓവറിൽ 26 റൺസ് വേണ്ട ഘട്ടത്തിൽ രോഹിത് ബൗളിംഗ് ദൗത്യം ഭുവിയ്ക്ക് ഏല്പിക്കുകയായിരുന്നു. 19 റൺസാണ് ആ ഓവറിൽ ഭുവി വഴങ്ങിയത്.

ഇന്ന് സമാനമായ സാഹചര്യത്തിൽ 12 പന്തിൽ 21 റൺസെന്ന നിലയിൽ പന്ത് രോഹിത് വീണ്ടും ഭുവിയ്ക്ക് കൈമാറിയപ്പോള്‍ താരം രണ്ട് വൈഡ് ഉള്‍പ്പെടെ 14 റൺസാണ് വഴങ്ങിയത്. ഇന്ത്യയുടെ ബൗളിംഗ് നിരയിലെ ഏറ്റവും സീനിയര്‍ താരത്തിൽ നിന്നുള്ള നിരാശാജനകമായ പ്രകടനം തന്നെയാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഏഷ്യ കപ്പിൽ മാറിയിരിക്കുന്നത്.

Exit mobile version