ഇന്ത്യ പൊരുതുന്നു കോഹ്‍ലിയിലൂടെ

180 റണ്‍സിനു ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി 194 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമും ആരാധകരും ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയില്‍ വിജയത്തുടക്കം മുന്നില്‍ കണ്ടിരുന്നിരിക്കാം എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെയല്ല മുന്നോട്ട് പോയത്. ഇംഗ്ലണ്ട് പേസ് ബൗളിംഗ് അറ്റാക്കിനു മുന്നില്‍ ചൂളി പോയ ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് എഡ്ജ്ബാസ്റ്റണിലെ മൂന്നാം ദിവസം കണ്ടത്. ആദ്യ ഇന്നിംഗ്സില്‍ ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടിയ ശേഷമാണ് ഇന്ത്യ തകര്‍ന്നതെങ്കില്‍ ഇത്തവണ തകര്‍ച്ച വളരെ നേരത്തെ തുടങ്ങി.

22 റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍മാരെ സ്റ്റുവര്‍ട് ബ്രോഡ് മടക്കിയയച്ചിരുന്നു. അധികം ബുദ്ധിമുട്ടിക്കാതെ ലോകേഷ് രാഹുലും അജിങ്ക്യ രഹാനെയും മടങ്ങിയപ്പോള്‍ ഇന്ത്യ 63/4 എന്ന നിലയിലേക്ക് വീണു. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച രവിചന്ദ്രന്‍ അശ്വിനും മടങ്ങിയപ്പോള്‍ കാര്യങ്ങള്‍ ഒന്നാം ഇന്നിംഗ്സിലേതിനു സമാനം. ഇന്ത്യന്‍ നായകന്റെ തോളിലേക്ക് ദൗത്യം വന്ന് വീഴുമ്പോള്‍ ഇത്തവണ കൂട്ടായി ദിനേശ് കാര്‍ത്തിക്കാണ് എത്തിയിരിക്കുന്നത്.

ആറാം വിക്കറ്റില്‍ 32 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇന്നിംഗ്സിലെ എറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതുവരെ ഈ കൂട്ടുകെട്ട് തന്നെയാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 110/5 എന്ന നിലയിലാണ്. ജയം 84 റണ്‍സ് അകലെ. ശ്രമകരമായൊരു ദൗത്യമാണ് കോഹ്‍ലിയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും മുന്നിലുള്ളത്. ഒന്നാം ഇന്നിംഗ്സിലേത് പോലെ കോഹ്‍ലി എത്ര നേരം നാളെ ക്രീസില്‍ ചെലവഴിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യന്‍ വിജയം നിര്‍ണ്ണയിക്കപ്പെടുന്നത്.

ഇന്ത്യയ്ക്കായി മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വിരാട് കോഹ്‍ലി 43 റണ്‍സും ദിനേശ് കാര്‍ത്തിക്ക് 18 റണ്‍സുമായി നില്‍ക്കുകയാണ്.  ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജെയിംസ് ആന്‍ഡേഴ്സണ്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version