മെഡല്‍ എണ്ണത്തിലും മെച്ചപ്പെട്ട് ഇന്ത്യ, 2018 ഗെയിംസിലെ ഇന്ത്യന്‍ മത്സരങ്ങള്‍ അവസാനിച്ചു

- Advertisement -

ബാഡ്മിന്റണിലെ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡിയുടെ വെങ്കല നേട്ടത്തോടെ ഗോള്‍ഡ് കോസ്റ്റിലെ ഇന്ത്യന്‍ മെഡല്‍ ശ്രമങ്ങള്‍ക്ക് അവസാനം. ഗ്ലാസ്ഗോയില്‍ 2014ല്‍ പുറത്തെടുത്ത പ്രകടനത്തെ വെല്ലുന്ന നേട്ടമാണ് ഇത്തവണ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യ പുറത്തെടുത്തത്. അന്ന് 15 സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ 64 മെഡലുകളാണ് ഇന്ത്യ നേടിയതെങ്കില്‍ ഇന്ന് ആകെ മെഡല്‍ നേട്ടം 66 മെഡലായി ഉയര്‍ന്നു. രണ്ട് മെഡലുകളുടെ വര്‍ദ്ധനയാണ് ആകെയുണ്ടായതെങ്കിലും 11 സ്വര്‍ണ്ണത്തോളം ഇന്ത്യ സ്കോട്ലാന്‍ഡില്‍ നിന്ന് അധികം നേടിയിട്ടുണ്ട്.

2010 ഡല്‍ഹി ഗെയിംസില്‍ 38 സ്വര്‍ണ്ണമുള്‍പ്പെടെ 101 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് ഓസ്ട്രേലിയയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നു.

ഗ്ലാസ്ഗോയില്‍ 15 സ്വര്‍ണ്ണവും 30 വെള്ളിയും 19 വെങ്കലവുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ അവസാനിച്ചതെങ്കില്‍ 26 സ്വര്‍ണ്ണവും 20 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യയുടെ ഗോള്‍ഡ് കോസ്റ്റിലെ നേട്ടം. മൂന്നാം സ്ഥാനത്തായാണ് ഇന്ത്യ ഗെയിംസ് അവസാനിപ്പിക്കുന്നത്.

ഒന്നും രണ്ടും സ്ഥാനക്കാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ബഹുദൂരം മുന്നിലാണെങ്കിലും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ഗോള്‍ഡ് കോസ്റ്റില്‍ ഓരോ താരങ്ങളും സ്പോര്‍ട്സ് സ്നേഹികള്‍ക്കായി നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement