പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

- Advertisement -

ഏക്ത ബിഷ്ടിന്റെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന്റെ ബലത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഏഷ്യ കപ്പ് വനിത ടി20 ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ഇന്ത്യന്‍ ബൗളിംഗിനു മുന്നില്‍ റണ്‍സ് കണ്ടെത്താന്‍ അവര്‍ ബുദ്ധിമുട്ടുകയായിരുന്നു. സന മിര്‍ 20 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നാഹിദ ഖാന്‍ 18 റണ്‍സ് നേടി. ഇരുവരും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്ന ബാറ്റിംഗ് താരങ്ങള്‍. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് പാക്കിസ്ഥാനു നേടാനായത്.

എക്ത ബിഷ്ട് 3 വിക്കറ്റ് നേടിയപ്പോള്‍ ശിഖ പാണ്ഡേ, അനൂജ പാട്ടില്‍, പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

73 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 16.1 ഓവറില്‍ വിജയം നേടി. ആദ്യ ഓവറില്‍ മിത്താലി രാജിനെയും മൂന്നാം ഓവറില്‍ ദീപ്തി ശര്‍മ്മയെയും നഷ്ടമാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 5/2 എന്ന നിലയിലായിരുന്നു. പിന്നീട് സ്മൃതി മന്ഥാന-ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. സ്മൃതി 38 റണ്‍സ് നേടി ലക്ഷ്യത്തിനു 3 റണ്‍സ് അകലെ പുറത്തായെങ്കിലും ഹര്‍മ്മന്‍പ്രീത് കൗര്‍ 34 റണ്‍സുമായി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പാക്കി.

പാക്കിസ്ഥാനു വേണ്ടി അനം അമിന്‍ രണ്ടും നശ്ര സന്ധു ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement