ഡിസംബറിൽ തന്നെ ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുമെന്ന് സൗരവ് ഗാംഗുലി

നേരത്തെ തീരുമാനിച്ച പോലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വരുന്ന ഡിസംബറിൽ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കൊറോണ വൈറസ് ബാധയെ തുടർന്ന് പരമ്പരയുടെ ഭാവി അവതാളത്തിൽ ആയേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പരമ്പര മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് പറഞ്ഞത്.

എന്നാൽ ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷം താരങ്ങൾ ക്വറന്റൈനിൽ ഇരിക്കുന്ന ദിവസം ചുരുക്കുമെന്നും ഗാംഗുലി അറിയിച്ചിട്ടുണ്ട്. ദീർഘ ദൂരം യാത്ര ചെയ്ത് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷം രണ്ട് ആഴ്ച ഹോട്ടലിൽ തന്നെ ഇരിക്കുന്നത് നല്ലതല്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. നിലവിൽ മെൽബണിൽ ഒഴികെ ഓസ്ട്രേലിയയിൽ കോവിഡ് – 19 വൈറസ് ബാധ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും അത്കൊണ്ട് തന്നെ അവിടെത്തെ ക്വറന്റൈൻ ദിവസങ്ങൾ ചുരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

എന്നാൽ രണ്ട് വർഷം മുൻപേ നടന്ന പരമ്പര പോലെയാവില്ല ഇതെന്നും ശക്തമായ ഓസ്ട്രേലിയൻ ടീമിനെതിരായ മത്സരം കഠിനമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.

Exit mobile version