Gulbadinnaib2

നൈബ് വേറെ വൈബ്!!! ഇന്ത്യ അഫ്ഗാന്‍ പോരാട്ടം സൂപ്പര്‍ ഓവറിലേക്ക്

ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂന്നാം ടി20യിൽ  ഇന്ത്യ – അഫ്ഗാന്‍ പോരാട്ടം ടൈയിൽ അവസാനിച്ചു. . രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് താണ്ഡവത്തിന്റെ ബലത്തിൽ 212/4 എന്ന സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ കൈവിട്ട മത്സരത്തിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് കണ്ടത്. അവസാന ഓവറിൽ 19 റൺസ് ലക്ഷ്യം അവസാന പന്തിൽ 3 റൺസാക്കി മാറ്റിയെങ്കിലും വിജയം നേടുവാന്‍ അഫ്ഗാനിസ്ഥാന് ആയില്ല.

23 പന്തിൽ 55 റൺസ് നേടിയ ഗുൽബാദിന്‍ നൈബ് ആണ് അഫ്ഗാനിസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ടോപ് ഓര്‍ഡറിൽ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും 50 റൺസ് നേടി പുറത്തായപ്പോള്‍ 16 പന്തിൽ 34 റൺസ് നേടിയ മൊഹമ്മദ് നബിയും അഫ്ഗാന്‍ ബാറ്റിംഗിൽ തിളങ്ങി.  ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദര്‍ 3 വിക്കറ്റ് നേടി ബൗളിംഗിൽ തിളങ്ങി.

അവസാന മൂന്നോവറിൽ 46 റൺസ് വേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍ അവേശ് ഖാന്‍ എറിഞ്ഞ 19ാം ഓവറിൽ 17 റൺസ് നേടി. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 19 റൺസായി മാറി. മുകേഷ് കുമാര്‍ എറിഞ്ഞ ആദ്യ പന്തിൽ നിന്ന് വൈഡും അത് വീണ്ടും എറിഞ്ഞപ്പോള്‍ ബൗണ്ടറിയും പിറന്നതോടെ ലക്ഷ്യം 5 പന്തിൽ നിന്ന് 14 റൺസായി.

മൂന്നാം പന്തിൽ വൈഡും റീ ബോളിൽ രണ്ട് റൺസും പിറന്നപ്പോള്‍ നാലാം പന്തിൽ സിക്സര്‍ പറത്തി നൈബ് ലക്ഷ്യം രണ്ട് പന്തിൽ 5 റൺസാക്കി മാറ്റി. ഈ സിക്സോടെ തന്റെ അര്‍ദ്ധ ശതകം നൈബ് 21 പന്തിൽ നിന്ന് തികച്ചു. അവസാന പന്തിൽ മൂന്ന് റൺസ് വിജയത്തിനായി വേണ്ടപ്പോള്‍ രണ്ട് റൺസ് നേടി മത്സരം സൂപ്പര്‍ ഓവറിലേക്ക് അഫ്ഗാന്‍ എത്തിച്ചു.

Exit mobile version