ബംഗ്ലാദേശിന്റെ രക്ഷകരായി കൈസും സൈഫുദ്ദീനും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇമ്രുല്‍ കൈസിന്റെയും മുഹമ്മദ് സൈഫുദ്ദീന്റെയും മികവില്‍ ഭേദപ്പെട്ട സ്കോര്‍ നേടി ബംഗ്ലാദേശ്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 271 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. കൈസ് ശതകവും സൈഫുദ്ദീന്‍ അര്‍ദ്ധ ശതകവും നേടി ടീമിനെ രക്ഷിച്ചെടുക്കുകയായിരുന്നു. 139/6 എന്ന നിലയില്‍ നിന്നാണ് ഈ മികച്ച സ്കോറിലേക്ക് ബംഗ്ലാദേശ് എത്തിയത് എന്നത് തന്നെ സവിശേഷമായ പ്രകടനമായി വിലയിരുത്തേണ്ടതാണ്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൈല്‍ ജാര്‍വിസിന്റെയും ടെണ്ടായി ചതാരയുടെ ബൗളിംഗിനു മുന്നില്‍ ബംഗ്ലാദേശ് ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ഇമ്രുല്‍ കൈസാണ് ഒരുവശത്ത് പിടിച്ച് നിന്നത്. 66/3 എന്ന നിലയില്‍ നിന്ന് മുഹമ്മദ് മിഥുനുമായി(37) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 71 റണ്‍സ് നേടിയ കൈസ് ടീമിനെ രക്ഷിച്ചെടുക്കുമെന്ന കരുതിയ നിമിഷത്തിലാണ് മിഥുനിനെയും മഹമ്മദുള്ളയെയും പുറത്താക്കി കൈല്‍ ജാര്‍വിസ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയത്. തന്റെ അടുത്ത ഓവറില്‍ മെഹ്ദി ഹസനെയും പുറത്താക്കിയ ജാര്‍വിസ് ബംഗ്ലാദേശിനെ 137/3 എന്ന നിലയില്‍ നിന്ന് 139/6 എന്ന നിലയിലേക്ക് തള്ളിയിട്ടു.

മൂന്ന് ക്യാച്ചുകളും പൂര്‍ത്തിയാക്കിയത് സിംബാബ്‍വേ കീപ്പര്‍ ബ്രണ്ടന്‍ ടെയിലറായിരുന്നു. ഏഴാം വിക്കറ്റില്‍ ഒത്തൂകുടിയ മുഹമ്മദ് സൈഫുദ്ദീനാണ് കൈസിനു മികച്ച പിന്തുണ നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ഗ്രൗണ്ടില്‍ തന്റെ ശതകം നേടിയ കൈസ് ഇന്ന് തന്റെ മൂന്നാം ശതകമാണ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിനു മത്സരത്തില്‍ സാധ്യത നല്‍കിയ ഇന്നിംഗ്സായിരുന്നു കൈസിന്റേത്. ഒപ്പം തന്നെ നിര്‍ണ്ണായകമായ പ്രകടനമാണ് മുഹമ്മദ് സൈഫുദ്ദീനും പുറത്തെടുത്തത്.

127 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. കൈസ് 140 പന്തില്‍ നിന്ന് 13 ബൗണ്ടറിയും 6 സിക്സും സഹിതം 144 റണ്‍സ് നേടി 8 പന്ത് അവശേഷിക്കെ പുറത്തായപ്പോള്‍ സൈഫുദ്ദീന്‍ 50 റണ്‍സ് നേടിയ ശേഷം അവസാന ഓവറില്‍ മടങ്ങി.

സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ് നാലും ടെണ്ടായി ചതാര മൂന്നും വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഏഴാം വിക്കറ്റ് തകര്‍ക്കുവാന്‍ സന്ദര്‍ശകരുടെ ബൗളര്‍മാര്‍ക്ക് എളുപ്പത്തില്‍ സാധിക്കാതെ പോയതും സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി.