ഗ്യാലറിയെ ഇളക്കി മറിച്ച് ഐ എം വിജയൻ എന്ന ഇതിഹാസം

മലപ്പുറം: അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് ഉത്തർ പ്രദേശിനെ കേരളം തോൽപ്പിച്ച മത്സരത്തിൽ കയ്യടി ഏറെയും നേടിയത് ഇതിഹാസം താരം ഐ എം വിജയൻ ആയിരുന്നു. കേരള പോലീസിന് വേണ്ടി മുന്‍ അന്താരാഷ്ട്രാ താരം യുപിക്കെതിരെ കളത്തിലിറങ്ങിയപ്പോള്‍ ഗ്യാലറി ആര്‍ത്തു വിളിച്ചു. 50 കാരന്റെ ഓരോ നീക്കവും വന്‍ ആര്‍പ്പു വിളികളോടെ എതിരേറ്റു. കൃത്യമായ പാസ്സിന് മുന്നില്‍ പലപ്പോഴും യുപി താരങ്ങള്‍ സ്തംഭതരായി. ഒരു ഫ്രീക്ക് നേരിയ വ്യത്യാസത്തിന് പുറത്തു പോയപ്പോള്‍ കാണികള്‍ തലയില്‍ കൈവെച്ചു. ഇതിനിടെ ഗോള്‍ നേടാനുള്ള അവസരം കൈവന്നിരുന്നുവേങ്കിലും ബാറിന് മുകളിലുടെ ഉയര്‍ന്നു പോയി.

60-ാംമിനിറ്റില്‍ കളത്തിലിറങ്ങിയ താരം 30 മിനിറ്റും ഗ്രൗണ്ടിലൂടെ യുവതാരങ്ങളെപ്പോലെ ഓടി നടക്കുകയായിരുന്നു. സുവര്‍ണ്ണ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കും വിധം തന്റേതായ ബാക്ക് ഹീല്‍ പാസ് കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ആവേശം കൊള്ളിച്ചു. ഐഎം വിജയന്റെ പ്രകടനം തന്നെ ആവേശം കൊള്ളിച്ചുവെന്ന് മത്സരം വീക്ഷിച്ച മിസോറാം പോലീസ് ടീം മാനേജര്‍ ഫ്രാന്‍സിസ് എല്‍ റാള്‍ട്ടേ പറഞ്ഞു. മത്സരം അവസാനിച്ചതോടെ നിറഞ്ഞ കയ്യടികളോടെയാണ് വിജയനെ കാണികള്‍ യാത്രയാക്കിയത്.



Exit mobile version