ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ റെക്കോര്‍ഡിട്ട് ഐസിസി ക്രിക്കറ്റ് ലോകകപ്പ്, ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടത് വിരാട് കോഹ്‍ലിയുടെ അഭ്യര്‍ത്ഥന

- Advertisement -

പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വീകാര്യതയില്‍ പുതിയ റെക്കോര്‍ഡിട്ട് ഇക്കഴിഞ്ഞ ലോകകപ്പെന്ന് വെളിപ്പെടുത്തി ഐസിസി. ഈ കണക്കുകള്‍ ആഗോള തലത്തില്‍ ക്രിക്കറ്റിന്റെ സ്വീകാര്യതയെ കാണിക്കുന്നതാണെന്നാണ് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ മനു സ്വാഹ്‍നേ അഭിപ്രായപ്പെട്ടത്. ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ ആണ് പുതിയ റെക്കോര്‍ഡ് 2019 ഐസിസി ലോകകപ്പ് സൃഷ്ടിച്ചിരിക്കുന്നത്.

31 മില്യണ്‍ #CWC19 ട്വീറ്റുകളാണ് ലോകകപ്പിന്റെ സമയത്ത് പിറന്നതെങ്കില്‍ 3.3 ബില്യണ്‍ മിനുട്ടുകളാണ് ഐസിസി വീഡിയോകള്‍ ഫേസ്ബുക്കിലും യൂട്യൂബിലും കണ്ടത്. ലോകകപ്പിന്റെ വീഡിയോ ഉള്ളടക്കങ്ങള്‍ 4.6 ബില്യണ്‍ കാഴ്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ കണക്കുകളെല്ലാം ലോകത്തിലെ ഏറ്റവും അധികം ആളുകള്‍ വീക്ഷിച്ച കായിക ഇനത്തില്‍ ഒന്നായി 2019 ഐസിസി ലോകകപ്പിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് സ്ഥിതീകരിക്കുന്നത്.

Credits: Getty Images

ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിലും ലോകകപ്പിന് വലിയ സ്വീകാര്യത കിട്ടിയതായാണ് ഐസിസി വ്യക്തമാക്കുന്നത്. ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോ സ്റ്റീവ് സ്മിത്തിനെതിരെ ആക്ഷേപം ഉയര്‍ത്തിയ ഇന്ത്യന്‍ ആരാധകരോട് താരത്തിന് വേണ്ടത്ര ബഹുമാനം നല്‍കുവാന്‍ ആവശ്യപ്പെടുന്ന വിരാട് കോഹ്‍ലിയുടെ വീഡിയോ ആണ്. ഏറ്റവും അധികം ട്വീറ്റുകള്‍ പിറന്നത് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനെക്കുറിച്ചാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓള്‍ഡ് ട്രാഫോര്‍ഡിലെ ആ മത്സരത്തില്‍ 2.9 മില്യണ്‍ ട്വീറ്റുകളാണ് പിറന്നത്. ഇത് ഒരു ഏകദിനത്തില്‍ സൃഷ്ടിക്കുപ്പെടുന്ന ഏറ്റവും അധികം ട്വീറ്റുകളാണെന്നാണ് ഐസിസി പുറത്ത് വിടുന്നത്. രണ്ടാം സ്ഥാനത്ത് ഫൈനല്‍ മത്സരവും മൂന്നാം സ്ഥാനത്ത് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള സെമി മത്സരവുമാണ് നിലകൊള്ളുന്നത്.

Advertisement