
ആവേശകരമായ ഹോക്കി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ. ഇരു ടീമുകളും അവസാന നിമിഷങ്ങളില്‍ ഗോളടിച്ച് കൂട്ടിയ മത്സരത്തില്‍ 4-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. 52ാം മിനുട്ട് വരെ 2-1നു ലീഡ് കൈവശപ്പെടുത്തിയ ഇന്ത്യ എന്നാല്‍ രണ്ട് ഗോള്‍ വഴങ്ങി മത്സരത്തില്‍ പിന്നോട്ട് പോകുന്നതാണ് അടുത്ത നാല് മിനുട്ടില്‍ കണ്ടത്. എന്നാല്‍ 58ാം മിനുട്ടില്‍ സമനില ഗോളും സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിജയ ഗോളും നേടി ഇന്ത്യ തങ്ങളുടെ വിജയം ഉറപ്പിച്ചു.
മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നപ്പോള്‍ ഇരു ടീമുകളും ഒരു ഗോള്‍ വീതം നേടി നില്‍ക്കുകയായിരുന്നു. 5 ഗോളുകളാണ് അവസാന പത്ത് മിനുട്ടില്‍ മത്സരത്തില്‍ പിറന്നത്. പകുതി സമയത്ത് ഡേവിഡ് കോണ്ടോണിന്റെ ഗോളില്‍ ഇംഗ്ലണ്ടായിരുന്നു ലീഡ് ചെയ്തത്. രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ട് കഴിഞ്ഞപ്പോള്‍ മന്ദീപ് സിംഗ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തി.
51ാം മിനുട്ടില്‍ രൂപീന്ദര്‍ പാല് സിംഗിന്റെ തകര്‍പ്പന്‍ ഗ്രാഗ് ഫ്ലിക്കിലൂടെ ഇന്ത്യ ലീഡ് നേടിയെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ലിയാം ആന്‍സെല്‍ ആയിരുന്നു സ്കോറര്‍. 56ാം മിനുട്ടില്‍ സാം വാര്‍ഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍ നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. എന്നാല്‍ വരുണ്‍ കുമാറും മന്ദീപ് സിംഗും നേടി ഗോളില്‍ ഇന്ത്യ മത്സരം വിജയിച്ചു.
ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് സെമിയില്‍ ന്യൂസിലാണ്ടാണ് എതിരാളികള്‍. വിജയത്തോടെ ശക്തരായ ഓസ്ട്രേലിയയെ നേരിടേണ്ടത് ഇന്ത്യയ്ക്ക് ഒഴിവാക്കാനായി. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial