Site icon Fanport

“പുതിയ കരാർ ഇല്ലാത്തത് കൊണ്ടാണ് ഹെരേരയുടെ പരിക്ക് മാറാത്തത്” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡ്ർ ആൻഡെർ ഹെരേര ക്ലബ് വിടുമെന്ന് സൂചന നൽകി ഒലെ ഗണ്ണാർ സോൾഷ്യാർ. അവസാന കുറച്ച് മത്സരങ്ങളായി ഹെരേര മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നില്ല. ഇത് പരിക്ക് കൊണ്ടാണെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പരിക്ക് ഹെരേരയ്ക്ക് പുതിയ കരാർ ലഭിക്കാത്തത് കൊണ്ടാകാമെന്ന് ഒലെ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഹെരേരയടെ കരാർ ചർച്ച എന്തെങ്കിലും ആയോ എന്ന് തനിക്ക് അറിയില്ല എന്നും കരാർ ലഭിക്കാത്തത് ഹെരേരയെ വിഷമിപ്പിക്കുന്നുണ്ട് എന്നും ഒലെ പറഞ്ഞു. ഇത്ര നിർണായക മത്സരങ്ങൾ നടക്കുമ്പോഴും ഹെരേര കളിക്കുന്നില്ല എന്നത് നല്ല സൂചനകൾ അല്ല നൽകുന്നത്. ഹെരേര ഇനി ക്ലബിനായി കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മാഞ്ചസ്റ്ററുമായുള്ള കരാറിന്റെ അവസാന മാസങ്ങളിലാണ് ഹെരേര ഇപ്പോൾ ഉള്ളത്. വൻ തുക സാലറി ആയി ഹെരേര ചോദിക്കുന്നതാണ് കരാർ നൽകാതിരിക്കാനുള്ള കാരണം. 200000 യൂറോ ആണ് ഒരാഴ്ചയിലെ വേതനമായി ചോദിക്കുന്നത്‌.

ഏകദേശ 150000 യൂറോ മാത്രമെ ഒരാഴ്ചയിലെ വേതനമായി ഹെരേരയ്ക്ക് നൽകാൻ ആകു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും പറഞ്ഞിട്ടുണ്ട്.. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിലെ അവിഭാജ്യ ഘടകമാണ് ഹെരേര. ആരാധകരുടെ പ്രിയ താരം കൂടി ആയതിനാൽ ഹെരേരയെ ക്ലബിൽ നിലനിർത്തുക മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആവശ്യമാണ്. പക്ഷെ 30കളിലേക്ക് കടക്കുന്ന ഹെരേരയ്ക്ക് ഇത്രയും വലിയ തുക വേതനമായി നൽകില്ല എന്നാണ് യുണൈറ്റഡ് ബോർഡിന്റെ തീരുമാനം.

ഈ അവസരം മുതലെടുക്കാൻ പി എസ് ജിയും ആഴ്സണലും പോലുള്ള ക്ലബുകൾ രംഗത്തുണ്ട് എന്നാണ് അറിയുന്നത്.

Exit mobile version