Site icon Fanport

കായ് ഹവേർട്സും ചെൽസിയുമായി ധാരണ, അടുത്ത വൻ സൈനിംഗിന് അടുത്ത് ചെൽസി

ജർമ്മൻ യുവതാരം കായ് ഹവേർട്സിനെയും ചെൽസി സ്വന്തമാക്കുന്നു. ഹവേർട്സും ചെൽസിയുമായി കരാർ ധാരണയിൽ എത്തിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി ചെൽസിയും ഹവേർട്സിന്റെ ക്ലബായ ലെവർകൂസനും തമ്മിൽ ട്രാൻസ്ഫർ തുക കൂടെ ധാരണ ആയാൽ ഈ ട്രാൻസ്ഫറും ഔദ്യോഗികമാകും. ഇതിനകം തന്നെ സിയെചിനെയും വെർണറെയും സ്വന്തമാക്കിയ ചെൽസിയുടെ അറ്റാക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കായി ഇതോടെ മാറും.

തന്റെ ക്ലബായ ബയർ ലെവർകൂസണ് കഴിഞ്ഞ ആഴ്ച ഹവേർട്സ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. ടിമൊ വെർണറിന്റെ സാന്നിധ്യമാണ് ഹവേർട്സിനെ ചെൽസിയിലേക്ക് അടുപ്പിച്ചത്‌. 20കാരനായ താരം ബയേർ ലെവർകൂസന് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ താരത്തിനെ യൂറോപ്യൻ വമ്പന്മാരുടെ ശ്രദ്ധയിൽ എത്തിച്ചിരുന്നു. ലെവർകൂസന്റെ അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന താരമാണ് ഹവേർട്സ്. താരത്തെ വിൽക്കണം എങ്കിൽ നൂറു മില്യണിൽ കൂടുതൽ ആണ് ലെവർകൂസൻ ആവശ്യപ്പെടുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കുന്ന താരം ഇതിനകം തന്നെ ജർമ്മൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.

Exit mobile version