Picsart 24 04 07 02 01 55 957

ഹാർദിക് പാണ്ഡ്യയെ കൂവരുത്, ക്യാപ്റ്റൻ ആയത് അദ്ദേഹത്തിന്റെ തെറ്റല്ല എന്ന് ഗാംഗുലി

ഹാർദിക് പാണ്ഡ്യയെ ആരാധകർ കൂവരുത് എന്ന് സൗരവ് ഗാംഗുലി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ആർ സി ബിയെ നേരിടാൻ ഇരിക്കുകയാണ്. ഇരു ടീമുകളും ഏറ്റുമുട്ടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഡൽഹി ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലി. ഹാർദിക്കിനെ മുംബൈയുടെ മുൻ നായകൻ രോഹിത് ശർമ്മയുമായി താരതമ്യം ചെയ്യരുത് എന്നും ഗാംഗുലി പറഞ്ഞു.

“ആരാധകർ ഹാർദിക് പാണ്ഡ്യയെ ചീത്തവിളിക്കാനോ കൂവാനോ പാടില്ല, അത് ശരിയല്ല.” ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

“രോഹിത് ശർമ്മ വേറെ ക്ലാസാണ്, അദ്ദേഹത്തിൻ്റെ പ്രകടനം മറ്റൊരു തലത്തിലാണ്. എന്നാൽ ഫ്രാഞ്ചൈസി ഹാർദികിനെ ക്യാപ്റ്റനായി നിയമിച്ചത് ഹാർദിക്കിൻ്റെ തെറ്റല്ല,” ഗാംഗുലി പറഞ്ഞു.

ഹാർദിക് മുംബൈയുടെ ക്യാപ്റ്റൻ ആയി ഇറങ്ങിയ എല്ലാ മത്സരങ്ങളിലും കൂവൽ ഏറ്റുവാങ്ങിയിരുന്നു. ഡെൽഹിക്ക് എതിരെ എങ്കിലും ഇത് ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്.

Exit mobile version