
ഐസ്ലാൻഡിന്റെ ദേശീയ ഹീറോ ആയി തന്നെ മാറിയിരിക്കുകയാണ് ഹാൽഡോർസൺ എന്ന 34കാരനായ ഗോൾകീപ്പർ. ഇന്ന് അർജന്റീനയെ 1-1ന് ഐസ്ലാന്റ് തളച്ചപ്പോൾ നാൻ ഓഫ് ദ മാച്ച് ആരായിരുന്നു എന്ന ചോദ്യമെ വേണ്ട. രണ്ടാം പകുതിയിൽ ലോകോത്തര സേവിലൂടെ മെസ്സിയുടെ പെനാൾട്ടി തടുത്തത് ഉൾപ്പെടെ ഏഴു സേവുകളാണ് ഇന്ന് ഹാൽഡോർസൺ നടത്തിയത്. ഈ ലോകകപ്പിൽ ഇതുവരെ ഒരു മത്സരത്തിൽ പിറന്ന ഏറ്റവും കൂടുതൽ സേവുകളാണിത്.
ഇതിൽ പെനാൾട്ടി അടക്കം മികച്ച രണ്ട് രക്ഷപ്പെടുത്തലുകൾ രണ്ടാം പകുതിയിലാണ് പിറന്നത്. ഐസ്ലാൻഡിനായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഹാൽഡോർസൺ ഇപ്പോൾ ഡാനിഷ് ക്ലബായ രാൻഡേഴ്സിനാണ് കളിക്കുന്നത്. അവസാന മൂന്നു സീസണിലും റാൻഡേഴ്സിന് തന്നെയാണ് ഹാൽഡോർസൺ കളിക്കുന്നത്. ഐസ്ലാൻഡ് ടീമിലെ ഭൂരിഭാഗം ഫുട്ബോളേഴ്സിനെയും പോലെ സ്വന്തമായി വേറെ തൊഴിലുള്ള താരമാണ് ഹാൽഡോർസണും. ഫുട്ബോൾ കളിക്കാത്ത സമയത്ത് സിനിമയും സീരിയലുകളും മറ്റു ടി വി പരിപാടികളും സംവിധാനം ചെയ്യലാണ് ഹാൽഡോർസന്റെ തൊഴിൽ.
2011 യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ സൈപ്രസിനെതിരെ ആയിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. അന്ന് ക്ലീൻഷീറ്റ് സ്വന്തമാക്കികൊണ്ടാണ് താരം ഇന്റർനാഷണൽ കരിയർ ആരംഭിച്ചത്. 2016 യൂറോ കപ്പിലും ടീമിനൊപ്പം ഹാൽഡോർസൺ ഉണ്ടായിരുന്നു. മെസ്സിയുടെ പെനാൾട്ടി കൂടെ സേവ് ചെയ്തതോടെ ഐസ്ലാൻഡിന്റെ ഫുട്ബോൾ ചരിത്രത്തിൽ വലിയൊരിടം ഹാൽഡോർസൺ സ്വന്തമാക്കി എന്ന് പറയാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
