Site icon Fanport

ഹകീമി പി എസ് ജിയിലേക്ക് അടുക്കുന്നു, ചെൽസി ബിഡ് ഇതുവരെ ഇല്ല

ഹകീമിക്കായുള്ള ട്രാൻസ്ഫർ യുദ്ധത്തിൽ പി എസ് ജി വിജയിക്കുക ആണ് എന്ന് സൂചനകൾ. താരവും പി എസ് ജിയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജിക്ക് ഒപ്പം ചെൽസിയും അച്റഫ് ഹകീമിക്കായി രംഗത്ത് എത്തിയിരുന്നു. എന്നാൽ ചെൽസി ഇതുവരെ ഇന്റർ മിലാന് ഒരു ബിഡും സമർപ്പിച്ചിട്ടില്ല എന്നാണ് വാർത്തകൾ. അവർ താരത്തോട് നേരിട്ടു ചർച്ചകൾ നടത്തുകയാണ് ചെയ്തത്.

പി എസ് ജിയുടെ 60 മില്യൺ എന്ന ഓഫറിനും മുകളിൽ പുതിയ ബിഡ് പി എസ് ജി ഉടൻ ഇന്റർ മിലന് സമർപ്പിക്കും. ഇന്റർ മിലാനു വേണ്ടി ഈ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച റൈറ്റ് ബാക്ക് അഷ്റഫ് ഹകീമിയെ സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് ഇന്റർ മിലാൻ വിൽക്കുന്നത്‌. 60 മില്യണോളം ആണ് ഹകീമിക്കായി പി എസ് ജി വാഗ്ദാനം ചെയ്തത് എങ്കിലും ഇന്റർ ആവശ്യപ്പെടുന്നത് 80 മില്യണാണ്. ആ തുക നൽകിയാൽ പി എസ് ജിക്ക് താരത്തെ ലഭിക്കും. അവസാന നിമിഷം ഓഫറുമായി ചെൽസി എത്തുമോ എന്നതും കണ്ടറിയണം.

കഴിഞ്ഞ സീസണിൽ 45 മില്യണായിരുന്നു ഹകീമി റയൽ മാഡ്രിഡിൽ നിന്ന് ഇന്റർ മിലാനിലേക്ക് എത്തിയത്. റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഹകീമി ജർമ്മനിയിൽ ഡോർട്മുണ്ടിനായി രണ്ട് വർഷം കളിച്ച് ലോക ശ്രദ്ധ നേടിയിരുന്നു.

Exit mobile version