തനിക്ക് സിക്സുകള്‍ അടിക്കുവാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു – നസീം ഷാ

അഫ്ഗാനിസ്ഥാനെതിരെ ഒരു വിക്കറ്റ് അവശേഷിക്കെ 11 റൺസായിരുന്നു അവസാന ഓവറിൽ വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. എന്നാൽ നസീം ഷാ ആദ്യ രണ്ട് പന്തിൽ തന്നെ സിക്സറുകള്‍ പായിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ മാത്രമല്ല ഇന്ത്യ കൂടിയാണ് ഏഷ്യ കപ്പിൽ നിന്ന് പുറത്തായത്.

തനിക്ക് സിക്സറുകള്‍ നേടുവാനാകുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും ഈ ടൂര്‍ണ്ണമെന്റിൽ തന്റെ ടി20 അരങ്ങേറ്റം നടത്തിയ നസീം ഷാ വ്യക്തമാക്കി. 129 റൺസ് നേടിയ അഫ്ഗാനിസ്ഥാനെതിരെ ചേസിംഗിനിറങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍ അനായാസം വിജയിക്കുമെന്നാണ് കരുതിയത്.

എന്നാൽ പിന്നീട് പാക്കിസ്ഥാന്‍ തകരുന്ന കാഴ്ചയാണ് കണ്ടത്. നസീം ക്രീസിലെത്തിയപ്പോള്‍ 110/8 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. ആസിഫ് അലി ഒരു സിക്സ് കൂടി നേടിയെങ്കിലും താരം പുറത്തായതോടെ ലക്ഷ്യം അവസാന ഓവറിൽ 11 റൺസായി.

താന്‍ നെറ്റ്സിൽ വലിയ ഷോട്ടുകള്‍ പ്രാക്ടീസ് ചെയ്യാറുണ്ടെന്നും അവര്‍ യോര്‍ക്കറുകള്‍ എറിയുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ സിക്സുകള്‍ പായിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും നസീം ഷാ വ്യക്തമാക്കി.