ഗ്രൂപ്പ് എ ജയിച്ച് ഉറുഗ്വേ, ഒരു പോയന്റു പോലും ഇല്ലാതെ സലാ മടങ്ങി

- Advertisement -

നോക്കൗട്ടിലേക്ക്;

ഗ്രൂപ്പ് എയിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഉറുഗ്വേ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ റഷ്യക്കെതിരെ നേടിയ ഏകപക്ഷീയമായ വിജയമാണ് ഉറുഗ്വേയ്ക്ക് ഗ്രൂപ്പ് ചാമ്പ്യൻ പട്ടം നൽകിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും മെല്ലെ തുടങ്ങിയ ഉറുഗ്വേ അവരുടെ മികവിലേക്ക് ഉയർന്നത് ഇന്നായിരുന്നു. മറുഭാഗത്ത് റഷ്യ ആദ്യ രണ്ട് മത്സരങ്ങളിലെയും നിഴലായി ഇന്ന്. പ്രധാനതാരങ്ങൾ ഇല്ലാതെ ഇറങ്ങിയതാണ് പ്രകടനം മോശമാകാൻ കാരണമെന്ന് റഷ്യക്ക് സമാധാനിക്കാം.

ഗ്രൂപ്പ് ഘട്ടത്തിൽ 8 ഗോളുകൾ നേടിയ റഷ്യ അവരുടെ സ്വന്തം ആരാധകർ വരെ പ്രതീക്ഷിക്കാത്ത പ്രകടനമായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിൽ നടത്തിയത്. ഇന്നത്തെ പരാജയം റഷ്യയെ യാഥാർത്ഥ്യ ബോധത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധിക്കും. നോക്കൗട്ട് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഏതിൽ എത്തിയാലും എ ഗ്രൂപ്പുകാരെ വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാരെയാണ് ഉറുഗ്വേയും റഷ്യയും നേരിടേണ്ടത്. സ്പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നിവരിൽ രണ്ടാളാണ് നോക്കൗട്ടിലേക്ക് കടക്കാൻ പോകുന്നത്‌.

ജൂൺ 30ന് സോച്ചിയിൽ വെച്ചാണ് ഉറുഗ്വേയുടെ പ്രീ ക്വാർട്ടർ മത്സരം. ഗ്രൂപ്പ് ബിയിൽ രണ്ടാമത് എത്തുന്നവരെയാണ് ഉറുഗ്വേ നേരിടുക. ജൂലൈ ഒന്നിന് മോസ്കോയിലെ ലൂസ്നിക്കി സ്റ്റേഡിയത്തിലാകും റഷ്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ് ബി ചാമ്പ്യന്മാരെയാണ് റഷ്യ കാത്തിരിക്കുന്നത്.

പുറത്തേക്ക്;

ഈ ഗ്രൂപ്പിൽ ഏറ്റവും നിരാശയുമായി മടങ്ങുന്നത് സലായും ഈജിപ്തും തന്നെയാകും. ഗ്രൂപ്പ് പ്രഖ്യാപിച്ചപ്പോൾ റഷ്യയെയും സൗദിയേയും മറികടന്ന് രണ്ടാം സ്ഥാനക്കാരായി ഈജിപ്ത് നോക്കൗട്ടിലേക്ക് എത്തും എന്ന് പലരും സാധ്യത കൽപ്പിച്ചിരുന്നു. സലായുടെ അത്ഭുത സീസൺ തന്നെയായിരുന്നു അതിനുള്ള പ്രധാന കാരണം. പക്ഷെ സലായ്ക്കും സംഘത്തിനും ഒരു പോയന്റ് പോലും നേടാൻ കഴിയാതെ മടങ്ങാനായിരുന്നു വിധി. ആദ്യ മത്സരത്തിൽ ഉറുഗ്വേയ്ക്ക് എതിരെ അവസാന നിമിഷത്തിൽ വീണതിനു ശേഷം ഈജിപ്ത് എഴുന്നേറ്റില്ല.

റഷ്യക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ സലായും സംഘവും സൗദിക്കെതിരെ നേടിയ ലീഡ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഈജിപ്ത് ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സര വിജയം പോയിട്ട് ഒരു പോയന്റ് വരെ ഈജിപ്തിലേക്ക് എടുക്കാൻ സലായ്ക്കായില്ല. സലാ നേടിയ രണ്ട് ഗോളുകളും എൽ ഹാദിരിയുടെ പ്രായം കൂടിയ താരമെന്ന റെക്കോർഡും മാത്രമെ ഈജിപ്തിന് ഈ ലോകകപ്പിൽ ആശ്വസിക്കാനായുള്ളൂ.

സൗദി അറേബ്യയ്ക്ക് ഇത് ആശ്വസിക്കാവുന്ന ലോകകപ്പാണ്. 1994ന് ശേഷമുള്ള ആദ്യ ലോകകപ്പ് വിജയമാണ് ഇന്ന് ഈജിപ്തിനെ 94ആം മിനുട്ടിൽ നേടിയ ഗോളിലൂടെ പരാജയപ്പെടുത്തിയപ്പോൾ സൗദി നേടിയത്. ആദ്യ മത്സരത്തിലെ 5 ഗോൾ പരാജയം ഒഴിച്ചാൽ സൗദി നല്ല പ്രകടനമാണ് ലോകകപ്പിൽ നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement