
അലക്സാണ്ടർ ഗൊലോവിൻ. ഈ ഇരുപത്തി രണ്ടുകാരനെ റഷ്യക്കാർ വിളിക്കുന്നത് റഷ്യയുടെ റൊണാൾഡൊ എന്നാണ്. അതെന്തിനാണെന്ന് ഇന്ന് ലോകത്തിന് ബോധ്യമായിക്കാണും. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും മോശം റാങ്കുള്ളവരെന്ന നാണക്കേടുമായി എത്തിയ റഷ്യ വിമർശിച്ചവരുടെ ഒക്കെ വായടപ്പിച്ച് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ചപ്പോൾ യഥാർത്ഥ താരമായത് ഗൊലോവിൻ ആയിരുന്നു.
അഞ്ചിൽ മൂന്നു ഗോളുകളിലും ഗൊലോവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ആദ്യ ഗോളടക്കം രണ്ട് അസിസ്റ്റുകളും ഒപ്പം അവസാനം ഒരു മികച്ച ഫ്രീ കിക്ക് ഗോളും ഗൊലോവിൻ നേടി. യൂറോപ്യൻ ക്ലബുകൾ ലോകകപ്പിന് മുന്നേ ഗൊലോവിനെ റാഞ്ചാൻ ശ്രമിച്ചത് എന്തിനാന്നും ഇന്നത്തെ മത്സരം വ്യക്തമാക്കുന്നു. ഇന്നത്തെ ഒരൊറ്റ മത്സരം ഗൊലോവിന്റെ ട്രാൻസ്ഫർ തുക മില്യണുകളോളം ഉയർത്തിക്കാണും.
2012 മുതൽ സി എസ് കെ എ മോസ്കോയുടെ താരമാണ് ഗൊലോവിൻ. ഈ ലോകകപ്പ് കഴിയുമ്പോഴേക്ക് ഗൊലോവിൻ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും യൂറോപ്പിലെ വലിയ ക്ലബുകളിൽ ഒന്നിൽ എത്തുകയും ചെയ്യുമെന്നാണ് ഫുട്ബോൾ ലോകം നിരീക്ഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
