സൂപ്പർ കപ്പ് ഇന്ന് മുതൽ; ഗോകുലം ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

- Advertisement -

പ്രഥമ സൂപ്പർ കപ്പിന് ഇന്ന് ഭുവനേഷ്വറിൽ തുടക്കമാകും. ഇന്ന് വൈകുന്നേരം 5 മണിക്ക് ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സും ഡെൽഹി ഡൈനാമോസും തമ്മിൽ നടക്കുന്ന മത്സരത്തോടെയാണ് സൂപ്പർ കപ്പിന് ആദ്യ വിസിൽ മുഴങ്ങുക. യോഗ്യതാ മത്സരങ്ങളാണ് ഇന്ന് മുതൽ നടക്കുന്നത്. രണ്ടാം മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

യോഗ്യതാ റൗണ്ടിൽ ജയിച്ചാൽ മാത്രമെ സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിലേക്ക് കടക്കാൻ സാധിക്കൂ. ഐ ലീഗ് സീസൺ മികച്ച രീതിയിൽ അവസാനിപിച്ച ഗോകുലം സൂപ്പർ കപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കാം എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ്. രണ്ട് ദിവസം മുമ്പ് തന്നെ ഗോകുലം എഫ് സി ഭുവനേശ്വറിൽ എത്തിയിരുന്നു.

ഗോകുലത്തിന്റെ പുതിയ പരിശീലകനായ സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ ടീമിനൊപ്പം ചേർന്നു എങ്കിലും ഇന്ന് ബിനോ ജോർജ്ജ് തന്നാകും ടീമിനെ നയിക്കുക. ബിനോ ജോർജ്ജിന്റെ ഗോകുലം പരിശീലകനായുള്ള അവസാന മത്സരമായേക്കും ഇത്‌. ഐ എസ് എല്ലിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത നോർത്ത് ഈസ്റ്റിനെയാണ് നേരിടുന്നത് എന്നതു കൊണ്ട് തന്നെ വിജയപ്രതീക്ഷയിലാണ് ഗോകുലം.

മാസിഡോണിയൻ താരമായ ഹ്രിസ്തിജൻ ഡെങ്കോസ്കിയുടെ അരങ്ങേറ്റവും ഇന്ന് ഭുവനേഷ്വറിൽ കാണാൻ കഴിയും. മുമ്പ് അയാക്സ് അക്കാദമിയിൽ കളിച്ച താരമാണ് ഡെങ്കോവ്സ്കി. പ്രീമിയർ ലീഗിൽ മികവ് തെളിയിച്ച അവ്രാം ഗ്രാന്റാണ് നോർത്ത് ഈസ്റ്റിനെ പരിശീലിപ്പിക്കുന്നത്. അവ്രാം ഗ്രാന്റിനെ ബിനോ ജോർജ്ജ് പരാജയപ്പെടുത്തുമോ എന്നാണ് ഫുട്ബോൾ നിരീക്ഷകർ ഉറ്റുനോക്കു‌ന്നത്.

രാത്രി 8 മണിക്കാണ് ഗോകുലത്തിന്റെ മത്സരം. സൂപ്പർ കപ്പ് മത്സരങ്ങളെല്ലാം തത്സമയം സ്റ്റാർസ്പോർട്സിൽ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement