ഗോകുലം എഫ് സിയുടെ ‘ചൂടറിഞ്ഞ്’ ഐ എസ് എല്ലും!! നോർത്ത് ഈസ്റ്റ് നാണംകെട്ട് പുറത്ത്

ഐ ലീഗിലെ ജയന്റ് കില്ലേഴ്സിന്റെ കരുത്ത് ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡും അറിഞ്ഞു. നോർത്ത് ഈസ്റ്റിന് ടൂർണമെന്റിന് പുറത്തെക്കുള്ള വഴി പറഞ്ഞു കൊടുത്താണ് ഗോകുലം എഫ് സി സൂപ്പർ കപ്പ് യാത്ര തുടങ്ങിയിരിക്കുന്നത്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗോകുലം എഫ് സി നോർത്ത് ഈസ്റ്റിനെ തകർത്തത്.

ഹെൻറി കിസേക്കയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് ടൂർണമെന്റിന് മുന്നിലേക്കുള്ള വഴി തെളിച്ചത്. തികച്ചും ആക്രമണ ഫുട്ബോൾ കണ്ട മത്സരത്തിൽ തുടക്കം മുതലെ ഒരുപിടി മുന്നിൽ നിന്നത് ഗോകുലം എഫ് സി തന്നെയായിരുന്നു. അതിനുള്ള ഫലം ആദ്യ പകുതി അവസാനിക്കുന്നതിന് രണ്ട് മിനുട്ട് മുമ്പ് ഹെൻറി കിസേക്കയുടെ ഒരു വലം കാൽ ഷോട്ടിലൂടെ ലഭിക്കുകയും ചെയ്തു. 43ആം മിനുട്ടിലായിരുന്നു ഹെൻറിയുടെ ഗോൾ പിറന്നത്.

ഗോളിന് ശേഷം രണ്ട് മികച്ച അവസരം കൂടെ ഗോകുലം സൃഷ്ടിച്ചു എങ്കിലും ഗോൾ കീപ്പർ രഹ്നേഷ് നോർത്ത് ഈസ്റ്റിന്റെ രക്ഷകനാവുക ആയിരുന്നു. റാഷിദിന്റെ ഗോളെന്നുറച്ച ഒരു അവസരം രഹ്നേഷിനും ഗോൾ പോസ്റ്റിനും തട്ടിയാണ് മടങ്ങിയത്. രണ്ടാം പകുതിയിലും ഗോകുലം തന്നെയാണ് മികച്ചു നിന്നത്. 75ആം മിനുട്ടിൽ ഹെൻറി തന്റെ രണ്ടാം ഗോളോടെ ഗോകുലത്തിന്റെ ജയം ഉറപ്പിച്ചു.

സൽമാനും അർജുനും കൂടി നടത്തിയ ഗംഭീര നീക്കത്തൊമൊടുവിൽ ഒരു ടാപിൻ എന്ന കടമ മാത്രമെ രണ്ടാം ഗോളിൽ ഹെൻറി കിസേകയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ജയത്തോടെ കേരള ഫുട്ബോളിന്റെ അഭിമാനം ഒരിക്കൽ കൂടി ഉയർത്തിയിരിക്കികയാണ് ഗോകുലം എഫ് സി. പ്രീക്വാർട്ടറിലേക്ക് കടന്ന ഗോകുലത്തിന് ഇനി ബെംഗളൂരു എഫ് സിയാകും എതിരാളികൾ. ജയന്റ് കില്ലേഴ്സ് എന്ന പേരു വീണ ഗോകുലം ബെംഗളൂരുവിനെയും ഞെട്ടിക്കും എന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial