ഐലീഗ് കിരീടം, ഗോകുലം കേരളയുടെ സാധ്യതകൾ ഇങ്ങനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു മത്സരം മാത്രം ബാക്കി, മൂന്ന് ടീമുകൾക്ക് ഒരേ പോയിന്റ്, അതിൽ രണ്ട് ടീമുകൾ അവസാന ദിവസം നേർക്കുനേർ വരുന്നു. ഐ ലീഗിൽ അല്ലാതെ ഇത്ര ആവേശകരമായ കിരീട പോരാട്ടം എവിടെയാണ് കാണാൻ ആവുക. മാർച്ച് 27ന് ലീഗിലെ അവസാന മാച്ച് ഡേയിൽ എന്ത് നടക്കും എന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ല. ഗോകുലം കേരള എഫ് സി, ട്രാവു, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകൾ ആണ് ഇപ്പോൾ കിരീട പ്രതീക്ഷയിൽ ഉള്ളത്.

മൂന്ന് ടീമുകൾക്കും 26 പോയിന്റ് വീതമാണ് ഉള്ളത്. രണ്ട് ടീമുകൾക്ക് എതിരെയും മികച്ച ഹെഡ് ടു ഹെഡ് റെക്കോർഡ് ഉള്ളത് കൊണ്ട് ഗോകുലം കേരള ആണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. എന്നാൽ അവസാന മത്സരത്തിൽ ഗോകുലം കേരളക്ക് മുന്നിൽ ഉള്ളത് മികച്ച ഫോമിൽ ഉള്ള ട്രാവു ആണ്. ട്രാവുവിനെതിരെ വിജയിച്ചാൽ ഗോകുലം കേരളക്ക് കിരീടം ഉറപ്പണ്. ചർച്ചിലും പഞ്ചാബ് എഫ് സിയും തമ്മിലുള്ള മത്സരത്തിലെ ഫലം എന്തായാലും ഗോകുലം മൂന്ന് പോയിന്റ് നേടുക ആണെങ്കിൽ കിരീടം ഗോകുലം കേരളക്ക് തന്നെ ലഭിക്കും.

ഗോകുലം കേരള ട്രാവു മത്സരം സമനിലയിൽ ആവുകയും ചർച്ചിൽ ബ്രദേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ ചർച്ചിൽ വിജയിക്കാതിരിക്കുകയും ചെയ്താലും കപ്പ് കേരളത്തിലേക്ക് തന്നെ വരും. ഗോകുലം കേരളയെ ട്രാവു തോൽപ്പിക്കുക ആണെങ്കിൽ കിരീടം ട്രാവുവിന് സ്വന്തമാകും. മറ്റൊരു ഫലം കൊണ്ടും ട്രാവുവിന് കിരീടം ലഭിക്കില്ല. ചർച്ചിലിന് കിരീടം ലഭിക്കണം എങ്കിൽ അവർ അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിക്കുകയും ഒപ്പം ട്രാവു ഗോകുലം കേരള പോരാട്ടം സമനിലയിൽ ആവുകയും വേണം. എന്തായാലും കിരീട പോരാട്ടം ഫോട്ടോഫിനിഷായി മാറും എന്നതിൽ സംശയമില്ല.