ഗോകുലം കേരള ആറാടുകയാണ്!!! റിയൽ കാശ്മീരിന്റെ വല നിറച്ച് ചാമ്പ്യന്മാർ

ഇന്ന് ഐ ലീഗിൽ കണ്ടത് ചാമ്പ്യന്മാരുടെ ആറാട്ട് ആയിരുന്നു‌. ഇന്ന് റിയൽ കാശ്മീരിനെ നേരിട്ട ഗോകുലം കേരളം 5-1ന്റെ വലിയ വിജയം തന്നെ ഇന്ന് സ്വന്തമാക്കി. റിയൽ കാശ്മീരിനെ ഇതുവരെ പരാജയപ്പെടുത്താൻ ആയിട്ടില്ല എന്ന പരാതികൾക്ക് ആണ് ഈ വലിയ വിജയത്തിലൂടെ ഗോകുലം മറുപടി നൽകിയത്. ഇന്ന് ആദ്യ അഞ്ചു മിനുട്ടിൽ തന്നെ ഗോകുലം 2 ഗോളുകൾക്ക് മുന്നിൽ എത്തി. നാലാം മിനുട്ടിൽ ഒരു പെനാൾട്ടിയും ചുവപ്പ് കാർഡും റിയൽ കാശ്മീരിന് എതിരായി വന്നു. ഇതാണ് കാശ്മീർ ടീമിന് തിരിച്ചടിയായത്.

ഈ പെനാൾട്ടി ലൂകാ മാഷൻ വലയിൽ എത്തിച്ച് ഗോകുലത്തെ മുന്നിൽ എത്തിച്ചു. തൊട്ടടുത്ത മിനുട്ടിൽ ഫ്ലച്ചറിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ലൂക ആയിരുന്നു അസിസ്റ്റ് നൽകിയത്. 27ആം മിനുട്ടിൽ ഗോകുലം കേരള മൂന്നാം ഗോൾ നേടി. വലതു വിങ്ങിൽ നിന്ന് ഹക്കു നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഫ്ലച്ചറാണ് മൂന്നാം ഗോൾ നേടിയത്.Img 20220307 181809

38ആം മിനുട്ടിൽ ലൂക്കയിലൂടെ ഗോകുലം നാലാം ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തിയാഗോയിലൂടെ കാശ്മീർ ആശ്വാസ ഗോൾ നേടി. പക്ഷെ ആ ഗോൾ ആശ്വാസ ഗോളായി മാത്രം മാറി. 66ആം മിനുട്ടിൽ ജിതിൻ എം എസിലൂടെ ഗോകുലം അഞ്ചാം ഗോൾ നേടി.

മൂന്ന് മത്സരങ്ങളിൽ 2 വിജയവും 1 സമനിലയുമായി ഏഴു പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ് ഗോകുലം.